സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

വളരെ പ്രത്യേകതയുള്ള ഒരു ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Update: 2022-08-15 02:24 GMT

ന്യൂഡല്‍ഹി: രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നത്. വളരെ പ്രത്യേകതയുള്ള ഒരു ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളിലേക്ക് എഴായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്.

അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാര്‍, മോര്‍ച്ചറി ജീവനക്കാര്‍ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി ഉപയോഗിച്ചാകും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ആചാര വെടി മുഴക്കുക. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തും തന്ത്ര പ്രധാന മേഖലകളിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി രാജ്യത്താകെ വിപുലമായ സ്വാതന്ത്ര്യദിനപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം. ചെങ്കോട്ട പുറത്തുനിന്ന് കാണാന്‍ കഴിയാത്തവിധം ഒരാഴ്ചമുമ്പുതന്നെ ലോഹപ്പലക നിരത്തി മറച്ചു. ഞായറാഴ്ച രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചെങ്കോട്ടയ്ക്കുചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണക്യാമറകളും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാവിഭാഗങ്ങളെയും വിന്യസിച്ചു. ചെങ്കോട്ടയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

പരിസരങ്ങളിലെ 1000 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിക്കുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ഡല്‍ഹിയിലും പരിസരത്തും ആന്റി ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. പി.സി.ആര്‍. വാനുകളടക്കം 70 സായുധവാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തലശേരി എ. എസ്.പി പി. നിധിന്‍രാജാണ് പരേഡ് കമാന്‍ഡര്‍. കുട്ടിക്കാനം കെ. എ. പി അഞ്ചാം ബറ്റാലിയന്‍ അസി. കമാന്‍ഡന്റ് ബിജു ദിവാകരനാണ് സെക്കന്റ് ഇന്‍ കമാന്‍ഡ്.

12 സായുധ, സായുധരല്ലാത്ത ഘടകങ്ങള്‍ വീതം പരേഡില്‍ അണിനിരക്കും. മലബാര്‍ സ്‌പെഷ്യല്‍ പോലീസ്, സ്‌പെഷ്യല്‍ ആംഡ് പോലീസ്, കേരള സായുധ പോലീസിന്റെ അഞ്ച് ബറ്റാലിയനുകള്‍, കേരള സായുധ വനിത പോലീസ് ബറ്റാലിയന്‍, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍, റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റസ്‌ക്യു ഫോഴ്‌സ്, കേരള ജയില്‍ വകുപ്പ്, കേരള എക്‌സൈസ് വകുപ്പ് എന്നിവരാണ് സായുധ ബറ്റാലിയനുകള്‍. കേരള ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസ്, കേരള വനം വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, സൈനിക സ്‌കൂള്‍, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ആര്‍മി (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ നേവല്‍ വിംഗ്, എയര്‍ വിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), ഭാരത് സ്‌കൗട്ട്‌സ്, ഭാരത് ഗൈഡ്‌സ് എന്നിവരാണ് പരേഡില്‍ പങ്കെടുക്കുന്ന സായുധരല്ലാത്ത ഘടകങ്ങള്‍. അശ്വാരൂഡ പോലീസിന്റെ ഒരു പഌറ്റൂണുമുണ്ടാവും. രണ്ട് ബാന്‍ഡുകളും പരേഡില്‍ പങ്കെടുക്കും.

പരേഡിനു ശേഷം മുഖ്യമന്ത്രി വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 10.15 മുതല്‍ എന്‍.സി.സി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനം നടക്കും. 10.30ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കും. 10.38ന് ചടങ്ങുകള്‍ അവസാനിക്കും.

Tags:    

Similar News