മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
ഇന്നലെ രാത്രി മഞ്ചേരിയില്‍ വെച്ച് ബസ് ജീവനക്കാരനെ ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാരുടെസമരം
മഞ്ചേരി: മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് നടത്തിയതോടെ യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ രാത്രി മഞ്ചേരിയില്‍ ബസ് ജീവനക്കാരനെ ഒരുസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം. പിഎസ്‌സി പരീക്ഷക്കെത്തിയ നുറുകണക്കിന്ന് ഉദ്യോഗാര്‍ഥികള്‍ കുടുങ്ങി. മഞ്ചേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന പാസ് ബസ്സിലെ ജീവനക്കാരാണ് അക്രമത്തിനിരയായത്.
ഇന്നലെ വൈകീട്ട് 6.40ന് കൊണ്ടോട്ടിയില്‍നിന്നാണ് ബസ് പുറപ്പെട്ടത്. കാര്‍ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രശ്‌നം അവിടെവച്ചുതന്നെ പരിഹരിച്ചതാണെന്നും വീട്ടില്‍ കയറി തല്ലുമെന്ന് കാറിലുണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയതായും ബസ് ഡ്രൈവര്‍ സൈഫുദ്ദീന്‍ പറയുന്നു. അക്രമികള്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ബസ് മഞ്ചേരിയിലെത്തിയപ്പോഴാണ് എട്ടുമണിയോടെ പത്തിലേറെ ആളുകള്‍ തങ്ങളെ ആക്രമിച്ചത്. അക്രമിച്ചവരെ കണ്ടാലറിയാമെന്നും ബസ് ഡ്രൈവര്‍ പറയുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് സ്വകാര്യബസ്സുകള്‍ മിന്നല്‍പ്പണിമുടക്ക് നടത്തിയതോടെ നിരവധി പേരെയാണ് കുടുങ്ങിയത്. സമരത്തെ സ്വാഗതം ചെയ്യാതെ പോലിസും നാട്ടുകാരും ഇടപെട്ടാണ് മഞ്ചേരി ബസ് സ്റ്റാന്റില്‍ കുടുങ്ങിയ ഉദ്യോഗാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചത്. പോലിസ് വാഹനങ്ങളിലും സ്വകാര്യ ടാക്‌സി വാഹനങ്ങളിലുമാണ് ഉദ്യോഗാര്‍ഥികളെ കേന്ദ്രത്തിലെത്തിച്ചത്. കെഎസ്ആര്‍ടിസി ബസ്സും പ്രത്യക സര്‍വീസ് നടത്തി. പണമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പോലിസ് യാത്രയ്ക്കുള്ള പണം നല്‍കുകയും ചെയ്തു.