കൊവിഡ് നെഗറ്റീവായ പൂര്‍ണഗര്‍ഭിണിക്ക് പോസിറ്റീവ് ആണെന്ന വ്യാജ പരിശോധനാഫലം നല്‍കി സ്വകാര്യാശുപത്രി (വീഡിയോ)

Update: 2021-08-13 15:50 GMT

കോട്ടയം: കൊവിഡ് നെഗറ്റീവായ പൂര്‍ണഗര്‍ഭിണിക്ക് സ്വകാര്യാശുപത്രി പോസിറ്റീവ് ആണെന്ന വ്യാജ പരിശോധനാ ഫലം നല്‍കിയതായി പരാതി. കോട്ടയം സ്വദേശിനിയായ ഷിഗാന അബ്ദുല്‍ കരീമാണ് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിക്കെതിരേ പരാതി ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിക്കെതിരേ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ആരോഗ്യവകുപ്പ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഷിഗാന അബ്ദുല്‍ കരീമും ഭര്‍ത്താവ് സുബീക്ക് അബ്ദുല്‍ റഹീമും. മറ്റ് പരാതിക്കാരെ കൂടി ഉള്‍പ്പെടുത്തി ഇന്ന് രാത്രിയോടെ ഇ- മെയില്‍ വഴിയും അടുത്ത ദിവസം നേരിട്ടും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനം.

ഷിഗാനയുടെ ഭര്‍ത്താവ് സുബീക്ക് അബ്ദുല്‍ റഹിം ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ

കൊവിഡ് കാലത്ത് സ്വകാര്യാശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് വ്യാജ കൊവിഡ് പരിശോധനാ ഫലം നല്‍കി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന പരാതികളും ഉയര്‍ന്നുവരുന്നത്. പ്രസവ തിയ്യതിയായി നിശ്ചയിച്ചിരുന്ന ഈമാസം ഒമ്പതാം തിയ്യതിയാണ് ഷിഗാനയും ഭര്‍ത്താവ് സുബീക്ക് അബ്ദുല്‍ റഹീമും പാലായിലെ സ്വകാര്യാശുപത്രിയിലെത്തുന്നത്. അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പായി കൊവിഡ് പരിശോധന നടത്തണമെന്ന് ആശുപത്രിയില്‍നിന്ന് നിര്‍ദേശിച്ചു. അവിടെത്തന്നെയാണ് ട്രൂ നാറ്റ് പരിശോധന നടത്തിയത്.

പരിശോധനാഫലം വന്നശേഷം അടുത്തദിവസം അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞാണ് ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചത്. അന്ന് വൈകീട്ടുതന്നെ ആശുപത്രിയില്‍നിന്ന് ഫോണില്‍ വിളിച്ച് ഷിഗാനയ്ക്ക് കൊവിഡ് പോസിറ്റീവാണെന്ന് അറിയിക്കുകയായിരുന്നു. അധികം മുറികള്‍ ഒഴിവില്ലെന്നും ഉടന്‍തന്നെ ആശുപത്രിയില്‍ അഡ്മിറ്റാവണമെന്ന് അറിയിക്കുകയും ചെയ്തു. നോര്‍മല്‍ പ്രസവത്തിന് 35,000 രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. കൊവിഡ് പോസിറ്റീവായതോടെ പ്രത്യേക മുറിയും മറ്റും ആവശ്യമായി വരുന്നതിനാല്‍ ചികില്‍സാ ചെലവ് രണ്ടിരട്ടിയോളമെങ്കിലും വര്‍ധിക്കുമെന്ന് ഉറപ്പായി.

ഗര്‍ഭകാലത്ത് ഏറെ ശ്രദ്ധിച്ചിട്ടും കൊവിഡ് പിടിപെട്ടതില്‍ സംശയം തോന്നിയ ഷിഗാനയും ഭര്‍ത്താവ് സുബീക്കും മറ്റൊരു ലാബില്‍നിന്ന് വീണ്ടും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു. അവിടെ നടത്തിയ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. ഇത് ഉറപ്പിക്കാന്‍ വീണ്ടും മറ്റൊരു ലാബില്‍ നടത്തിയ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവായി. ഇതോടെയാണ് സ്വകാര്യാശുപത്രി തട്ടിപ്പ് നടത്തിയെന്ന് ഷിഗാനയ്ക്കും സുബീക്കിനും മനസ്സിലാവുന്നത്. ഇതോടെ പാലായിലെ ആശുപത്രിയില്‍ അഡ്മിറ്റാവേണ്ടതില്ലെന്ന് ഇവര്‍ തീരുമാനിച്ചു.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന വിവരം ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ ശരിയെന്ന് മാത്രമാണ് മറുപടി നല്‍കിയതെന്നും അഡ്മിറ്റാവുന്നതിനെക്കുറിച്ച് സംസാരിക്കുക പോലും ചെയ്തില്ലെന്നും സുബീക്ക് പറയുന്നു. പിന്നീട് ആശുപത്രിക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിച്ചപ്പോഴാണ് മറ്റ് പലര്‍ക്കും സമാനമായ അനുഭവമുണ്ടായതായി അറിയുന്നത്. അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്ന് ദമ്പതികള്‍ പറയുന്നു.

Tags:    

Similar News