'എന്റെ ദൈവമേ....അവരുടെ കാല്‍ മുട്ടുകള്‍ കാണുന്നു'; ട്രൗസര്‍ ധരിച്ച ആര്‍എസ്എസ്, ബിജെപി നേതാക്കളെ പരിഹസിച്ച് പ്രിയങ്കാ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത് എന്നിവര്‍ ട്രൗസര്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചത്.
ന്യൂഡല്‍ഹി: ഫാഷന്റെ ഭാഗമായി കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ അപമാനിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ആര്‍എസ്എസ് യൂനിഫോമായ ട്രൗസര്‍ ധരിച്ച് നില്‍ക്കുന്ന ആര്‍എസ്എസ്, ബിജെപി ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രിയങ്കയുടെ ട്രോള്‍. 'എന്റെ ദൈവമേ....അവരുടെ കാല്‍ മുട്ടുകള്‍ കാണുന്നു' എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത് എന്നിവര്‍ ട്രൗസര്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചത്.
ഫാഷന്റെ ഭാഗമായി കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ അവരുടെ കുട്ടികള്‍ക്ക് എന്ത് മൂല്യമാണ് പകര്‍ന്നു നല്‍കുന്നതെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് ചോദിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
ചൊവ്വാഴ്ച ഒരു ചടങ്ങില്‍ സംബന്ധിക്കവെയാണ് റാവത്ത് വിവാദ പരാമര്‍ശം നടത്തിയത്. ഇന്നത്തെ യുവജനങ്ങള്‍ക്ക് മൂല്യങ്ങള്‍ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷന്‍ ട്രെന്‍ഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടു വരെ കീറിയ ജീന്‍സ് ഇടുമ്പോള്‍ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെന്‍ഡുകള്‍ പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇത്തരം ജീന്‍സുകള്‍ വാങ്ങാനാണ് അവര്‍ കടയില്‍പ്പോകുന്നത്. അങ്ങനെയുള്ളത് കിട്ടിയില്ലെങ്കില്‍ കത്രിക വച്ച് ജീന്‍സ് മുറിച്ച് ആ തരത്തിലാക്കും' റാവത്ത് പറഞ്ഞു. വിമാനത്തില്‍ തന്റെ അടുത്തുള്ള സീറ്റിലിരുന്ന സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചും റാവത്ത് പറഞ്ഞു. 'ബൂട്ട്‌സും മുട്ടുവരെ കീറിയ ജീന്‍സും കൈയില്‍ നിരവധി വളകളുമായിരുന്നു അവരുടെ വേഷം. രണ്ടു കുട്ടികളും ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്നു. അവരൊരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നയാളാണ്. രണ്ടു കുട്ടികളും ഉണ്ട്. പക്ഷേ, മുട്ടുവരെ കീറിയ ജീന്‍സാണ് ധരിക്കുന്നത്. എന്ത് മൂല്യങ്ങളാണ് ഇവര്‍ പകര്‍ന്നുനല്‍കുന്നത്?' റാവത്ത് പറഞ്ഞു.
അതേസമയം, റാവത്തിന്റെ പരാമര്‍ശം നാണംകെട്ടതാണെന്നും സ്ത്രീകളോടു മാപ്പു പറയണമെന്നും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രിതം സിങ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മറ്റൊരാളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത് ഉചിതമായില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ഗരിമ ദാസൗനിയും വ്യക്തമാക്കി. ആംആദ്മി പാര്‍ട്ടിയും റാവത്തിന്റെ പരാമര്‍ശങ്ങളെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.