പ്രിയങ്ക ഗംഗായാത്ര തുടങ്ങി; സമാപനം മോദിയുടെ മണ്ഡലത്തില്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള യാത്രയ്ക്ക് ത്രിവേണി സംഗമത്തില്‍ ഗംഗാനദിയില്‍ പൂജ നടത്തിയശേഷമാണ് പ്രിയങ്ക ഗാന്ധി തുടക്കം കുറിച്ചത്.

Update: 2019-03-18 06:29 GMT

പ്രയാഗ് രാജ്: ഉത്തര്‍പ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ പ്രചാരക പ്രിയങ്കാ ഗാന്ധിയുടെ ഗംഗായാത്ര. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള യാത്രയ്ക്ക് ത്രിവേണി സംഗമത്തില്‍ ഗംഗാനദിയില്‍ പൂജ നടത്തിയശേഷമാണ് പ്രിയങ്ക ഗാന്ധി തുടക്കം കുറിച്ചത്.

പ്രയാഗ് രാജിലെ ഹനുമാന്‍ ക്ഷേത്രത്തിലും പ്രിയങ്ക പൂജ നടത്തി.പ്രയാഗ് രാജില്‍ നിന്നു നരേന്ദ്ര മോദി മല്‍സരിക്കുന്ന വാരണാസിയിലേക്കാണ് പ്രിയങ്ക മൂന്നുദിവസത്തെ ബോട്ട് യാത്ര നടത്തുന്നത്. ബോട്ട് യാത്രയ്ക്കിടയില്‍ വിദ്യാര്‍ത്ഥികളുമായി പ്രിയങ്ക ഗാന്ധി സംവാദം നടത്തും.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 140 കിലോമീറ്ററാണ് പിന്നിടുന്നത്. ഗംഗയുടെ തീരത്ത് ജീവിക്കുന്ന സാധാരണക്കാരിലേക്ക് എത്തുകയാണ് ലക്ഷ്യം. യാത്രയ്ക്കിടെ വഴിമധ്യേയുള്ള സുപ്രധാന ക്ഷേത്രങ്ങളും ദര്‍ഗകളും പ്രിയങ്ക സന്ദര്‍ശിക്കും. ഗംഗാ നദി വ്യത്തിയാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ, നദിയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ പ്രിയങ്ക രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

യാത്രയിലുടനീളം ജനാഭിപ്രായം തേടി സംസ്ഥാന രാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് തുറന്ന കത്തും പ്രിയങ്ക പുറത്തുവിട്ടു. 'വിശുദ്ധനദിയായ ഗംഗയിലൂടെ ഞാന്‍ എത്തും. ജലമാര്‍ഗവും ബസ്സിലും തീവണ്ടിയിലും നടന്നും ഞാന്‍ വരികയാണ്. സത്യത്തിന്റെയും തുല്യതയുടെയും പ്രതീകമാണ് ഗംഗ. നിങ്ങളുടെ വേദനകള്‍ അറിയാതെ രാഷ്ട്രീയമാറ്റം സാധ്യമല്ല. അതുകൊണ്ടാണ് നിങ്ങളുടെ വാതില്‍പ്പടിയില്‍ ആത്മാര്‍ഥമായ സംഭാഷണത്തിന് ഞാന്‍ എത്തുന്നത്''പാര്‍ട്ടിയുടെ കാലാളാണ് താനെന്നും പ്രിയങ്ക പറയുന്നു....... 

Tags:    

Similar News