ഭക്ഷണശാലകളും കടകളും ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് ഭരണഘടനയ്ക്കു മേലുള്ള കടന്നാക്രമണം: പ്രിയങ്കാ ഗാന്ധി

Update: 2024-07-20 01:47 GMT

ന്യൂഡല്‍ഹി: കന്‍വാര്‍ യാത്രാ പാതയിലെ ഭക്ഷണശാലകളും കടകളും ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനയ്ക്കു മേലുള്ള കടന്നാക്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും അതു നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. മുസഫര്‍നഗര്‍ പോലിസ് ഇത്തരമൊരു നിര്‍ദേശം ദിവസങ്ങള്‍ക്കുമുന്നേ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം ബാധകമാകും വിധമാണ് ഇന്നലെ യുപി സര്‍ക്കാര്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 'ജാതി, മതം, ഭാഷ തുടങ്ങി യാതൊന്നിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പൗരന്മാര്‍ വിവേചനം നേരിടുകയില്ലെന്ന് ഉറപ്പുനല്‍കുന്നതാണ് നമ്മുടെ ഭരണഘടന' പ്രിയങ്ക എക്‌സില്‍ കുറിച്ചു. 'ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്ന വിവാദ ഉത്തരവ് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നമ്മുടെ പൈതൃകത്തിനും നേരെയുള്ള കടന്നാക്രമണമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കുന്നത് ഭരണഘടനയ്‌ക്കെതിരായ കുറ്റകൃത്യമാണ് '. പ്രിയങ്ക അഭിപ്രായപ്പെട്ടു.

Tags:    

Similar News