ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാ പ്രക്രിയ തുടങ്ങി; മുന്നറിയിപ്പുമായി ആഗോള ഉച്ചകോടി

വംശഹത്യയെന്നത് കേവലം ഒരു സംഭവത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും മറിച്ച് നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാണെന്നും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാ പ്രക്രിയ തുടങ്ങിയെന്നുമാണ് വിദ്വേഷ പ്രസംഗത്തെയും വംശഹത്യയെയും കുറിച്ച് വിശകലനം നടത്തിവരുന്ന വിദഗ്ധരുടെ ത്രിദിന ആഗോള ഉച്ചകോടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Update: 2022-03-02 17:39 GMT

ന്യൂഡല്‍ഹി: രാജ്യത്തെ മതേതര വിശ്വാസികളെ ഒന്നടങ്കം ഭയപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായ മുന്നറിയിപ്പുമായി ആഗോള ഉച്ചകോടി.

വംശഹത്യയെന്നത് കേവലം ഒരു സംഭവത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും മറിച്ച് നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാണെന്നും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാ പ്രക്രിയ തുടങ്ങിയെന്നുമാണ് വിദ്വേഷ പ്രസംഗത്തെയും വംശഹത്യയെയും കുറിച്ച് വിശകലനം നടത്തിവരുന്ന വിദഗ്ധരുടെ ത്രിദിന ആഗോള വെര്‍ച്വല്‍ ഉച്ചകോടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന വംശഹത്യ ശ്രമങ്ങള്‍ തടയുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ധാര്‍മ്മിക ബാധ്യതയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 26 മുതല്‍ 28വരെ നടന്ന ആഗോള ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പുള്ളത്.

20ലധികം ആഗോള പൗരാവകാശ സംഘടനകള്‍ 'ഇന്ത്യ ഓണ്‍ ദി റിങ്ക്: പ്രിവന്റിങ് ജെനോസൈഡ് ' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ത്രിദിന ഉച്ചകോടിയില്‍ ലോകത്തെമ്പാടുമുള്ള 50ലധികം പ്രശസ്തരായ ബുദ്ധിജീവികളും ചിന്തകരും പണ്ഡിതന്മാരും ആക്ടിവിസ്റ്റുകളുമാണ് പങ്കെടുത്തത്. 

ഇന്ത്യയില്‍ വംശഹത്യയ്ക്കായി നേരിട്ടുള്ള നിരവധി ആഹ്വാനങ്ങളാണ് അടുത്തിടെയുണ്ടായതെന്ന് റുവാണ്ടയിലെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രിബ്യൂണലിലെ മുന്‍ അഭിഭാഷകനായ ഗ്രെഗ് ഗോര്‍ഡന്‍ ചൂണ്ടിക്കാട്ടി. ഇതിനു പുറമെ 'അവര്‍ ഇത് ചെയ്യുകയാണെങ്കില്‍, തങ്ങള്‍ അത് ചെയ്യും' പോലുള്ള പ്രേരണാ ആഹ്വാനങ്ങളും ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇന്ത്യ അതിന്റെ വക്കത്തല്ല മറിച്ച് ഇതിനകം തന്നെ വംശഹത്യാ പ്രക്രിയയിലാണെന്ന് താന്‍ വിശ്വസിക്കുന്നതായി' കംബോഡിയയിലെ വംശഹത്യ ഡോക്യുമെന്റേഷന്‍ സെന്ററിലെ ഗവേഷകനായ മൗങ് സാര്‍നി പറഞ്ഞു. 'കൊലയാളികള്‍ ദുര്‍ബലരായ ജനങ്ങളെ അവരുടെ മതത്തിന് സുരക്ഷാ ഭീഷണിയായി ചിത്രീകരിക്കുന്നു. ഈ അപരവല്‍ക്കരണം ആരംഭിക്കുമ്പോള്‍, കൊലപാതകങ്ങള്‍ ആരംഭിച്ചില്ലെങ്കിലും രാജ്യം വംശഹത്യയുടെ ആഴങ്ങളിലാണ്'-മൗങ് സാര്‍നി വ്യക്തമാക്കി.

'വംശഹത്യ സ്വഭാവമുള്ള' ഇന്ത്യയില്‍ വിദ്വേഷ പ്രസംഗത്തിന്റെയും തെറ്റായ വിവരങ്ങളുടെയും വ്യാപ്തി മ്യാന്‍മറിലും എത്യോപ്യയിലും കണ്ടിട്ടുള്ളതിനോട് ഏറെ സാമ്യമുള്ളതാണെന്ന് മനുഷ്യാവകാശ അറ്റോര്‍ണി മീതാലി ജെയിന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്ക് സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ ദീര്‍ഘവും പ്രിയപ്പെട്ടതുമായ ചരിത്രമുണ്ടെങ്കിലും, മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ അസഹിഷ്ണുതയും വിവേചനവും വര്‍ധിച്ചതായി ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയിലെ പ്രോസിക്യൂട്ടറുടെ പ്രത്യേക ഉപദേഷ്ടാവ് അദാമ ഡീംഗ് ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാത്രം മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ എങ്ങനെ വര്‍ധിച്ചുവെന്ന് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരായ അലിഷാന്‍ ജാഫ്രിയും കൗശിക് രാജും ഉച്ചകോടിയില്‍ വിവരിച്ചു.ഭരണകക്ഷി നേതാക്കളും കേന്ദ്ര, സംസ്ഥാന കേന്ദ്ര തലത്തിലുള്ള മന്ത്രിമാരും അത്തരം വംശഹത്യക്ക് വേണ്ടിയുള്ള ആഹ്വാനങ്ങള്‍ പുറപ്പെടുവിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടും അവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഭരണകൂടം തന്നെ കുറ്റവാളികളെ സംരക്ഷിക്കുകയും അവര്‍ക്കായി നിലകൊള്ളുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വംശഹത്യ തടയുന്നത് ബുദ്ധിമുട്ടാണെന്ന് കനേഡിയന്‍ എന്‍ജിഒയായ സെന്റിനല്‍ പ്രോജക്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ടക്ക്വുഡ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ നാസി ജര്‍മ്മനിയുമായാണ് യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രഫസറും ഹൗ ഫാസിസം വര്‍ക്ക്‌സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ജേസണ്‍ സ്റ്റാന്‍ലി താരതമ്യം ചെയ്തത്. 'ആര്‍എസ്എസിന്റെ ആദ്യകാല ചിന്തകര്‍ ഇന്ത്യ നാസി മാതൃക പിന്തുടരണമെന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി'യെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News