തന്റെ ഇ- മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലിസിന്റെ നിയന്ത്രണത്തിലാക്കിയെന്ന് പ്രഫ. ഹാനി ബാബു

ഭീമാ കൊറെഗാവ് കേസില്‍ ബന്ധമുണ്ടെന്നാരോപിച്ച് പൂനെ ക്രൈംബ്രാഞ്ച് സംഘം പ്രഫ.ഹാനി ബാബുവിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിലാണ് തന്റെ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റാന്‍ പോലിസ് നിര്‍ദേശിച്ചത്. ഈ അക്കൗണ്ടുകളിലേക്ക് പോലിസിന് യഥേഷ്ടം പ്രവേശിക്കാനാവും. എന്നാല്‍, തനിക്ക് ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പൊതുപ്രസ്താവനയില്‍ പ്രഫ. ഹാനി ബാബു വ്യക്തമാക്കി.

Update: 2019-09-10 16:42 GMT
തന്റെ ഇ- മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലിസിന്റെ നിയന്ത്രണത്തിലാക്കിയെന്ന് പ്രഫ. ഹാനി ബാബു

ന്യൂഡല്‍ഹി: തന്റെ ഇ- മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ നിയന്ത്രണം പോലിസ് കൈവശപ്പെടുത്തിയെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ പ്രഫ.എം ടി ഹാനി ബാബു. ഭീമാ കൊറെഗാവ് കേസില്‍ ബന്ധമുണ്ടെന്നാരോപിച്ച് പൂനെ ക്രൈംബ്രാഞ്ച് സംഘം പ്രഫ.ഹാനി ബാബുവിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിലാണ് തന്റെ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റാന്‍ പോലിസ് നിര്‍ദേശിച്ചത്. ഈ അക്കൗണ്ടുകളിലേക്ക് പോലിസിന് യഥേഷ്ടം പ്രവേശിക്കാനാവും. എന്നാല്‍, തനിക്ക് ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പൊതുപ്രസ്താവനയില്‍ പ്രഫ. ഹാനി ബാബു വ്യക്തമാക്കി.

പ്രഫ. ഹാനി ബാബുവും ഭാര്യയും എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ ജെനി റൊവീനയും താമസിക്കുന്ന നോയിഡയിലെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ 6.30ന് ക്രൈംബ്രാഞ്ച് സംഘം പരിശോധനയ്‌ക്കെത്തിയത്. റെയ്ഡിനെക്കുറിച്ച് പ്രഫ.ഹാനി ബാബു പറയുന്നത്: 20 പേരടങ്ങുന്ന സംഘം തന്റെ വീടിന്റെ ഡോറില്‍ തട്ടി. ഇതില്‍ അഞ്ചുപേര്‍ യൂനിഫോമിലും ബാക്കിയുള്ളവര്‍ സിവില്‍ ഡ്രസ്സിലുമായിരുന്നു. വീട് പരിശോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വാറന്റുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഈ കേസില്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു പോലിസിന്റെ മറുപടി.

തിരിച്ചറിയല്‍ രേഖ എന്തെങ്കിലുമുണ്ടോയെന്ന് ആവശ്യപ്പെട്ടപ്പോള്‍ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായ ഡോ. ശിവജി പവാര്‍ തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു.  ആറുമണിക്കൂറോളം സമയമെടുത്ത് വീടിന്റെ എല്ലാ മുറികളിലും അവര്‍ തിരച്ചില്‍ നടത്തി. അവസാനം എന്റെ ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌കും പെന്‍ ഡ്രൈവുകളും പുസ്തകങ്ങളും പിടിച്ചെടുത്തു. ഒരു അധ്യാപകനെന്ന നിലയില്‍ ലാപ്‌ടോപ്പുകളെയും ഹാര്‍ഡ് ഡിസ്‌കിനെയും ആശ്രയിച്ചാണ് തന്റെ ജോലി മുന്നോട്ടുപോവുന്നത്. വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളെല്ലാം പോലിസ് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും ഹാര്‍ഡ് ഡിസ്‌കിലുമാണ്. ഇതിന്റെ പകര്‍പ്പുകള്‍ തന്റെ കൈവശമില്ല.

വര്‍ഷങ്ങളായുള്ള തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് തന്റെ പ്രബദ്ധങ്ങള്‍. വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് തന്റെ ജോലിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ എങ്ങനെ പിടിച്ചെടുക്കാമെന്ന് മനസ്സിലാവുന്നില്ല. പരിശോധന എന്തിനുവേണ്ടിയാണെന്നതിന് കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ എന്തുകൊണ്ട് നല്‍കിയില്ല. തിരച്ചിലിനിടെ പോലിസ് തന്റെ ഭാര്യയുടെ ഫോണുകള്‍ പിടിച്ചെടുത്തു. തന്റെ മകളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടുന്നതില്‍നിന്നും അവര്‍ ഞങ്ങളെ വിലക്കി- പ്രഫ. ഹാനി ബാബു പ്രസ്താവനയില്‍ വ്യക്തമാക്കി.

തൃശൂര്‍ സ്വദേശിയായ പ്രഫ. ഹാനി ബാബുവിന്റെ ഭാര്യ ജെനി റൊവീന കോഴിക്കോട് സ്വദേശിനിയാണ്. നേരത്തേ ഭീമാ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സാമൂഹികരാഷ്ട്രീയമനുഷ്യാവകാശപ്രവര്‍ത്തകരായ സുധീര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, റോണാ വില്‍സണ്‍, അരുണ്‍ ഫെരെയ്‌ര, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, വരവര റാവു, സുധാ ഭരദ്വാജ്, ഷോമാസെന്‍ എന്നിവരെ നേരത്തെ പൂനെ പോലിസ് അറസ്റ്റുചെയ്തിരുന്നു. 2018 ജനുവരി ഒന്നിനു പൂനെയുലെ ശനിവര്‍വാഡയില്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച ഭീമാ കൊറേഗാവ് സമരത്തില്‍ സംഘര്‍ഷത്തിനു ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഇവരെയെല്ലാം അറസ്റ്റുചെയ്തത്. 

Tags:    

Similar News