സിറിയയില്‍ വിദേശ പോരാളികളെ സൈന്യത്തില്‍ എടുത്തതിനെതിരേ യുഎസും യൂറോപ്പും ചൈനയും

Update: 2025-01-11 00:54 GMT

ദമസ്‌കസ്: വിദേശപോരാളികള്‍ക്ക് സിറിയന്‍ സൈന്യത്തില്‍ അംഗത്വം നല്‍കിയതിനെതിരേ യുഎസും യൂറോപ്പും ചൈനയും. ഈ നടപടി വിദേശരാജ്യങ്ങള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നും സിറിയയുടെ പ്രതിഛായയെ ബാധിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇക്കാര്യം യുഎസ് നയതന്ത്ര പ്രതിനിധി ഡാനിയല്‍ റൂബിന്‍സ്റ്റെയ്ന്‍ ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനിയേയും അറിയിച്ചു.

ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരെറ്റും ജര്‍മനിയുടെ വിദേശകാര്യമന്ത്രി അന്നലേന ബയര്‍ബോക്കും ഇക്കാര്യം അബൂ മുഹമ്മദ് അല്‍ ജൂലാനിയോട് പറഞ്ഞിട്ടുണ്ട്. സിറിയയിലെ പുതിയസര്‍ക്കാര്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് സൈന്യത്തില്‍ സ്ഥാനം നല്‍കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈനയും രംഗത്തെത്തിയിട്ടുണ്ട്. സിറിയയില്‍ നിന്ന് ഒരു രാജ്യത്തിനും സുരക്ഷാഭീഷണിയുണ്ടാവാത്ത സാഹചര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ ചൈനയുടെ സ്ഥിരം പ്രതിനിധി ഫു ഗോങ് സുരക്ഷാസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

സിറിയയില്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രവര്‍ത്തിച്ച വിമത സൈന്യത്തില്‍ നിരവധി വിദേശപോരാളികളുണ്ടായിരുന്നു. ചൈനയിലെ ക്‌സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള നൂറുകണക്കിന് ഉയ്ഗൂര്‍ മുസ്‌ലിംകളും ഇതില്‍ ഉള്‍പ്പെടുന്നു. അസദ് അധികാരത്തില്‍ നിന്ന് പുറത്തുപോയ ശേഷം വിമതരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇടക്കാല സര്‍ക്കാര്‍ സൈന്യത്തെ പുനസംഘടിപ്പിക്കുകയും വിദേശപോരാളികള്‍ക്ക് പൗരത്വം നല്‍കുകയും സൈന്യത്തില്‍ ഉന്നത പദവികള്‍ നല്‍കുകയും ചെയ്തു. ചൈന, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആറു പേര്‍ക്കാണ് സൈനികപദവികള്‍ നല്‍കിയത്.

തുര്‍ക്കിസ്താന്‍ ഇസ്‌ലാമിക് പാര്‍ട്ടി(ടിഐപി) നേതാവ് സാഹിദ് എന്നറിയപ്പെടുന്ന അബ്ദുല്‍ അസീസ് ദാവൂദ് ഖുദബെര്‍ദിക്ക് ബ്രിഗേഡിയര്‍ ജനറല്‍ സ്ഥാനം ലഭിച്ചു. മാവ്‌ലാന്‍ താര്‍സൗന്‍ അബ്ദുസമദ്, അബ്ദുല്‍ സലാം യാസീന്‍ അഹമ്മദ് എന്നിവര്‍ക്ക് കേണല്‍ പദവിയും ലഭിച്ചു. തുര്‍ക്കി പൗരനായ ഉമര്‍ മുഹമ്മദ് ജഫ്താഷിക്കും ജോര്‍ദാന്‍ പൗരനായ അബ്ദുല്‍ റഹ്മാന്‍ ഹുസൈന്‍ അല്‍ ഖാതിബിനും ബ്രിഗേഡിയര്‍ ജനറല്‍ പദവി ലഭിച്ചു. അല്‍ബേനിയക്കാരനായ അബു അല്‍ബാനിയെ കേണലാക്കി. ഈജിപ്തുകാരനായ ആല മുഹമ്മദ് അബ്ദുല്‍ ബാഖിക്കും പ്രത്യേകപദവി നല്‍കിയിട്ടുണ്ട്.

ഇതില്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് സൈനികപദവികള്‍ നല്‍കിയതിനെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. 1997ല്‍ ഹസന്‍ മാഷം എന്നയാള്‍ പാകിസ്താനില്‍ രൂപീകരിച്ച ഈസ്റ്റ് തുര്‍ക്കിസ്താന്‍ ഇസ്‌ലാമിക് മൂവ്‌മെന്റ് (ഇടിഐഎം) എന്ന സംഘടനയാണ് പിന്നീട് ടിഐപിയായി മാറിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.



ഹസന്‍ മാഷം

2002ല്‍ യുഎസ് സര്‍ക്കാര്‍ ഈ സംഘടനയെ ആഗോളതീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. ചൈനയിലെ ക്‌സിന്‍ജിയാങ് പ്രവിശ്യക്കാരനാണ് ഹസന്‍ മാഷം. തുര്‍ക്കി, ഖസാഖ്സ്ഥാന്‍, കിര്‍ഗ്സ്ഥാന്‍, ഉസ്‌ബെക്സ്ഥാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളുടെ ചില പ്രദേശങ്ങളും ക്‌സിന്‍ജിയാങ് പ്രവശ്യയും ചേര്‍ത്ത് ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കണമെന്നാണ് ടിഐപിയുടെ നിലപാട്. 2003ല്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഹസന്‍ മാഷം കൊല്ലപ്പെട്ടു. പിന്നീട് സംഘടനയെ നയിച്ച അബ്ദുല്‍ ഹഖ് 2010ല്‍ കൊല്ലപ്പെട്ടു.

Similar News