പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധം: പശ്ചിമ ബംഗാളിലുണ്ടായ നഷ്ടത്തെക്കുറിച്ച് റിപോര്‍ട്ട് തേടി കല്‍ക്കത്ത ഹൈക്കോടതി

അക്രമം മൂലമുള്ള നഷ്ടത്തിന്റെ തോത് അവലോകനം ചെയ്ത് അടുത്ത ആറാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും നിര്‍ദ്ദേശിച്ചത്. അതനുസരിച്ച്, ഇരകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും ബെഞ്ച് നിരീക്ഷിച്ചു.

Update: 2022-06-28 10:11 GMT

കൊല്‍ക്കത്ത: ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ പശ്ചിമ ബംഗാളില്‍ ഉണ്ടായ മൊത്തം നഷ്ടത്തെക്കുറിച്ച് വിശദമായ റിപോര്‍ട്ട് തേടി കല്‍ക്കട്ട ഹൈക്കോടതി. അക്രമം മൂലമുള്ള നഷ്ടത്തിന്റെ തോത് അവലോകനം ചെയ്ത് അടുത്ത ആറാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും നിര്‍ദ്ദേശിച്ചത്. അതനുസരിച്ച്, ഇരകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും ബെഞ്ച് നിരീക്ഷിച്ചു.

കേസില്‍ അടുത്ത വാദം ജൂലൈ 28ന് നടക്കും. ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദംഗ മുനിസിപ്പാലിറ്റി പ്രദേശത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങളും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ഈ സിസിടിവി ദൃശ്യങ്ങള്‍ എങ്ങനെ, എപ്പോള്‍ ശേഖരിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ സഹിതം സിസിടിവി ദൃശ്യങ്ങള്‍ കോടതി രജിസ്ട്രാര്‍ ജനറലിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ എസ് എന്‍ മുഖോപാധ്യായ ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതിയില്‍ നിന്ന് സമയം തേടി.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നൂപുര്‍ ശര്‍മയ്ക്ക് കൊല്‍ക്കത്ത പോലിസ് സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍, രണ്ട് സമന്‍സുകളും അവര്‍ തള്ളുകയും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഹാജരാകാന്‍ സമയംനീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശര്‍മയുടെ അഭിപ്രായങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലിനും കൊല്‍ക്കത്ത പോലിസ് സമന്‍സ് അയച്ചിട്ടുണ്ട്.

ശര്‍മ്മയുടെ വിവാദ പരാമര്‍ശങ്ങള്‍ വൈറലായതിന് തൊട്ടുപിന്നാലെ, കൊല്‍ക്കത്ത, തൊട്ടടുത്ത ഹൗറ, മുര്‍ഷിദാബാദ്, നാദിയ തുടങ്ങിയ ചില ജില്ലകളില്‍ പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ ആധിപത്യമുള്ള നിരവധി പോക്കറ്റുകളില്‍ കടുത്ത പ്രതിഷേധമാണുയര്‍ന്നത്. ഹൗറ ജില്ലയിലെ ദോംജൂര്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും പോലിസ് വാഹനങ്ങള്‍ കത്തിക്കുകയും നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭകരും പോലിസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. പല മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Tags:    

Similar News