മോദിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം; ട്രെന്‍ഡിങായി ഗോബാക്ക് മോദി
തമിഴ്‌നാടിനെ ഉത്തര്‍പ്രദേശാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ ഹാഷ്ടാഗ് ട്രെന്റിങായത്.
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രാചാരത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളവും തമിഴ്‌നാടും സന്ദര്‍ശിക്കുന്നതിനിടെ സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിങായി ഗോ ബാക്ക് മോദി ഹാഷ്ടാഗ്. തമിഴ്‌നാടിനെ ഉത്തര്‍പ്രദേശാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ ഹാഷ്ടാഗ് ട്രെന്റിങായത്. മോദിയുടെ സന്ദര്‍ശനം വിദ്വേഷം പടര്‍ത്താനാണെന്നും ട്വിറ്ററാദികള്‍ ആരോപിക്കുന്നു. കടക്ക് പുറത്ത് മോഡല്‍ മീമുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോഴൊക്കെ ഈ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആവാറുണ്ട്.
അംബാനിക്കും അദാനിക്കും വേണ്ടി 24 മണിക്കൂറും പണിയെടുക്കുന്ന സന്ന്യാസിയാണ് മോദിയെന്നാണ് മറ്റൊരു പരിഹാസം. കര്‍ഷക സമരം അടക്കമുള്ള കാര്യങ്ങളും മോദിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍നിന്ന് മോദിയുടെ പേരും പടവും ഒഴിവാക്കുകയാണ് തമിഴ്‌നാട്ടിലെ ബിജെപിയുടെ സഖ്യകക്ഷിയായ അണ്ണാഡിഎംകെ. ബിജെപി സ്ഥാനാര്‍ത്ഥികള്‍ പോലും അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി. കേരളത്തില്‍ പാലക്കാട്ടാണ് മോദിയുടെ റാലി നടക്കുന്നത്.
പുതുച്ചേരിയിലും അദ്ദേഹം പ്രചാരണം നടത്തും. തമിഴ്‌നാട്ടിലെ ധര്‍മപുരത്താണ് പ്രധാനമന്ത്രിയുടെ റാലി. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഒരു വര്‍ഷം നല്‍കുമെന്നും, യുവാക്കള്‍ക്കിടയില്‍ രണ്ടര ലക്ഷംതൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്നും, ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂട്ടി നല്‍കുമെന്ന് ഒക്കെയാണ് പ്രകടപത്രികയിലെ വാഗ്ദാനം. എന്നാല്‍ ഇതൊന്നും വലിയ ആവേശം വോട്ടര്‍മാരില്‍ ഉണ്ടാക്കിയിട്ടില്ല.
മോദിയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാടും കേരളവുമെന്ന് നേരത്തെ സര്‍വേകളില്‍ നിന്ന് വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ച് പ്രചാരണം നടത്തിയാല്‍ സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന ഭയമാണ് ബിജെപിക്കുള്ളത്. അതാണ് ഗോബാക്ക് മോദിയും സൂചിപ്പിക്കുന്നത്. നിലവില്‍ ജയലളിതയുടെ പേര് ഉപയോഗിച്ചാണ് ബിജെപിയുടെ പ്രചാരണം. പോസ്റ്ററുകളിലും അങ്ങനെ തന്നെയാണ്. അണ്ണാഡിഎംകെയ്ക്ക് ഈ സഖ്യം വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. പത്ത് ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകുമെന്നാണ് അവരുടെ ഭയം. സിഎഎ നടപ്പാക്കില്ലെന്ന് അണ്ണാഡിഎംകെ പറയുന്നു. ഖുശ്ബു പോലും മോദിയുടെ ചിത്രം പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.