ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളില്‍ അറബ് ലോകത്ത് പ്രതിഷേധം കനയ്ക്കുന്നു; അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഒമാന്‍ ഗ്രാന്റ് മുഫ്തി
ഇന്ത്യയിലെ ഭരണകൂട അതിക്രമങ്ങള്‍ക്കെതിരേയുള്ള മലയാളി മുസ്‌ലിം പണ്ഡിതന്റെ പ്രസംഗം യുഎഇ രാജകുമാരി ട്വിറ്ററില്‍ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് അതിക്രമങ്ങള്‍ക്കിരയാവുന്ന മുസ് ലിംകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വരുന്നത്.
മനാമ: അസമില്‍ കുടിയൊഴിപ്പിക്കലിന്റെ മറവില്‍ നിരാലംബരായ മുസ്‌ലിംകളെ വെടിവച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ രാജ്യത്തെ ഭരണകൂട ഭീകരതയ്‌ക്കെതിരേ അറബ് ലോകത്ത് പ്രതിഷേധം കനയ്ക്കുന്നു. ബിജെപി സര്‍ക്കാരിന്റെ പന്തുണയോടെ സംഘപരിവാരം നടത്തുന്ന മുസ്‌ലിം വിരുദ്ധ നടപടികള്‍ക്കെതിരേ ശക്തമായ വികാരമാണ് അറബ് ലോകത്ത് അലയടിക്കുന്നത്.
ഇന്ത്യയിലെ ഭരണകൂട അതിക്രമങ്ങള്‍ക്കെതിരേയുള്ള മലയാളി മുസ്‌ലിം പണ്ഡിതന്റെ പ്രസംഗം യുഎഇ രാജകുമാരി ട്വിറ്ററില്‍ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് അതിക്രമങ്ങള്‍ക്കിരയാവുന്ന മുസ് ലിംകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വരുന്നത്.
സര്‍ക്കാര്‍ പിന്തുണയോടെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരേ നടത്തുന്നത് കടുത്ത അതിക്രമമാണെന്ന് ഒമാന്‍ ഗ്രാന്റ് മുഫ്തി അഹ്മദ് ബിന്‍ ഹമദ് അല്‍ ഖലീല്‍ കുറ്റപ്പെടുത്തി.ഈ അതിക്രമങ്ങള്‍ക്കെതിരേ സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ഇടപെടണമെന്നും ഇസ്‌ലാമിക ലോകം വിഷയത്തില്‍ ഐക്യപ്പെടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അസമിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് അറബ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് നടക്കുന്നത്. #India_Kills_Muslims എന്ന ഹാഷ്ടാഗോടെയാണ് കാംപയിന്‍ ശക്തിയാര്‍ജിക്കുന്നത്.
ഇന്ത്യയിലെ ബിജെപി ഭരണകൂടം അസം ജനതയുടെ നേരെ അഴിച്ചുവിട്ട മനസാക്ഷിയെ നടുക്കുന്ന അതിക്രമങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വെടിയേറ്റ് നിലത്തുവീണ മുസ്‌ലിം കര്‍ഷകന്റെ നെഞ്ചില്‍ ആനന്ദനൃത്തം ചവിട്ടിയ ഫോട്ടോഗ്രാഫറുടെ ദൃശ്യം ലോകമാകെ വലിയ ഞെട്ടലുളവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന മുസ്ലിം പണ്ഡിതനായ അബ്ദുള്‍ അസീസ് അല്‍ തുവൈജ്‌റി അടക്കമുള്ളവര്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന വാദമുയര്‍ത്തി രംഗത്ത് വന്നത്.