നിയമനങ്ങളില്‍ കോര്‍പറേഷനുകള്‍ക്കെതിരേ സത്യവാങ്മൂലവുമായി പിഎസ്‌സി

കോര്‍പറേഷനുകള്‍ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ ജോലിക്കായി പിഎസ്‌സി വഴി ശ്രമിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതിനു കാരണമാകുന്നുവെന്നു പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി

Update: 2019-01-21 14:39 GMT

കൊച്ചി: കോര്‍പറേഷനുകള്‍ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ ജോലിക്കായി പിഎസ്‌സി വഴി ശ്രമിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതിനു കാരണമാകുന്നുവെന്നു പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് പിഎസ്‌സിയുടെ വിശദീകരണം. കെഎസ്ആര്‍ടിസിയിലെ എം പാനല്‍ താല്‍ക്കാലിക കണ്ടക്ടര്‍ നിയമനം നിയമവിരുദ്ധമാണെന്നും പിഎസ്‌സി സത്യവാങ്മുലത്തില്‍ വ്യക്തമാക്കുന്നു. സര്‍വീസിലെ നിയമനത്തിനു സംവിധാനം നിലവിലുള്ളപ്പോള്‍ പിന്‍വാതില്‍ വഴി നിയമനം നടത്തുന്ന രീതി തെറ്റാണ്. കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്്ടര്‍ തസ്തികയിലേക്ക് 2010 ഡിസംബര്‍ 31നു വിജ്ഞാപനം പുറപ്പെടുവിച്ചു. എഴുത്തു പരീക്ഷ മൂന്നു ഘട്ടങ്ങളിലായി നടത്തിയതായും പിഎസ്‌സി വ്യക്തമാക്കി. 2013 ലെ പിഎസ്‌സിയുടെ റിസര്‍വ് കണ്ടക്ടര്‍ റാങ്ക് ലിസ്റ്റില്‍ 36,468 ഉദ്യോഗാര്‍ഥികളാണുണ്ടായിരുന്നത്. കൂടാതെ സപ്ലിമെന്ററി ലിസ്റ്റില്‍ 17,432 പേരെയും ഉള്‍പ്പെടുത്തിയിരുന്നു. ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി 2010ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ കോര്‍പറേഷന്‍ റിപോര്‍ട്ട് ചെയ്തിരുന്നത് 9,378 ഒഴിവുകളായിരുന്നു. പിന്നീട് കെഎസ്ആര്‍ടിസി അസിസ്റ്റന്റ് ഡയറക്ടര്‍ 3,808 ഒഴിവുകളേ ഉള്ളുവെന്നു ചെയര്‍മാനും എംഡിയും പിഎസ്‌സിയെ അറിയിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

ഒഴിവുകളുടെ എണ്ണം വെട്ടിച്ചുരുക്കിയ കെഎസ്ആര്‍ടിസിയുടെ നിലപാടില്‍ അതൃപ്തി അറിയിച്ചതായൂം സത്യവാങ്മൂലത്തിലുണ്ട്. അന്തിമപ്പട്ടിക പുറത്തിറക്കുന്നതുവരെ ഒഴിവുകളുടെ എണ്ണം വെട്ടിച്ചുരുക്കിയ വിവരം അറിയിച്ചില്ലെന്നും പിഎസ്‌സി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ട സാഹചര്യത്തില്‍ മറ്റു നിയമനങ്ങള്‍ പാടില്ലെന്നു പിഎസ്‌സി വ്യക്തമാക്കി. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.


Tags:    

Similar News