പിഎസ്‌സി റാങ്ക് ലിസ്റ്റ് ക്രമക്കേട്: സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നു: പി കെ ഫിറോസ്

ക്രിമിനലുകള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി അഡ്മിഷന്‍ നേടിയതുമായി ബന്ധപ്പെട്ട സംഭവത്തിലും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2019-07-20 14:15 GMT

കോഴിക്കോട്: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ക്രിമിനലുകള്‍ ഇടം നേടിയ സംഭവത്തെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താന്‍ തയ്യാറാകാതെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തെ അട്ടിമറിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിമിനലുകള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി അഡ്മിഷന്‍ നേടിയതുമായി ബന്ധപ്പെട്ട സംഭവത്തിലും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ന്യായമായ ആവശ്യങ്ങളുമായി രംഗത്തിറങ്ങിയ യൂത്ത് ലീഗിന്റെ സമരത്തോട് സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണെങ്കില്‍ ശക്തമായ സമരവുമായി രംഗത്തുവരും. ലക്ഷക്കണക്കിന് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതീക്ഷയായ പിഎസ്‌സിയെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പിക്കും.

സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടക്കുന്നത് കുറ്റകരമാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ നവാസ് സംസാരിച്ചു.

എരഞ്ഞിപ്പാലം സരോവരം ബയോപാര്‍ക്ക് റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ പോലിീസ് തടഞ്ഞു. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Tags:    

Similar News