പിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്‌കാരം ജൂണ്‍ ഒന്നുമുതല്‍
തിരുവനന്തപുരം: പി എസ് സി നിയമനം സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അയക്കുന്ന ശുപാര്‍ശ ഡിജിലോക്കറില്‍ കൂടി ലഭ്യമാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കും. പുതിയ സംവിധാനം വന്നാലും നിയമന ശുപാര്‍ശ നേരിട്ട് അയച്ചുകൊടുക്കുന്ന ഇപ്പോഴത്തെ രീതി തുടരാനാണ് തീരുമാനം. നിയമനത്തിനുള്ള മെറിറ്റ് സംവരണ ഊഴം (റൊട്ടേഷന്‍) നിശ്ചയിക്കുന്നതിനു പിഎസ്‌സി സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിയമന ശുപാര്‍ശ തയ്യാറാക്കാന്‍ കമ്മിഷന്‍ അനുമതി നല്‍കി. ഇതുവരെ ഇതു കൈ കൊണ്ട് എഴുതി നല്‍കുകയായിരുന്നു. ഭൂരിപക്ഷം തസ്തികകളിലെയും റൊട്ടേഷന്‍ ഈ സോഫ്റ്റ്‌വെയറിലേക്കു മാറ്റാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. സോഫ്റ്റ്‌വെയര്‍ മുഖേന റൊട്ടേഷന്‍ തയാറാക്കുന്ന തസ്തികകളിലേക്കുള്ള നിയമന ശുപാര്‍ശയാണ് ആദ്യ ഘട്ടത്തില്‍ ഡിജിലോക്കറില്‍ കൂടി ലഭിക്കുക. ആധാറുമായി പ്രൊഫൈല്‍ ലിങ്ക് ചെയ്തവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ഭാവിയില്‍ നിയമന പരിശോധന സുഗമമാക്കാനും കൃത്രിമങ്ങള്‍ തടയാനും ഇതു സഹായിക്കും. നിയമന നടപടികള്‍ വേഗത്തിലാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ജില്ലകളില്‍ എന്‍സിസി/ സൈനിക ക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്/ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടന്‍മാര്‍), ബാംബൂ കോര്‍പറേഷനില്‍ ടെക്‌നിഷ്യന്‍ ഗ്രേഡ് 2 (ഓപ്പറേറ്റര്‍ ഗ്രേഡ് 2) എന്നീ തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും പിഎസ് സി യോഗത്തില്‍ തീരുമാനമായി.