പിന്‍വാതില്‍ നിയമനത്തിന് പിഎസ്‌സി വഴിയൊരുക്കുന്നു: കൃഷ്ണന്‍ എരഞ്ഞിക്കല്‍

Update: 2023-05-12 12:39 GMT

തിരുവനന്തപുരം: മല്‍സര പരീക്ഷകള്‍ സമയാസമയങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി നിയമന നടപടികള്‍ പൂര്‍ത്തിയാക്കാതെ പിന്‍വാതില്‍ നിയമനത്തിന് പിഎസ് സി വഴിയൊരുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. ഊണും ഉറക്കവും ഉപേക്ഷിച്ച് രാപ്പകല്‍ കഷ്ടപ്പെടുന്ന ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരും പിഎസ് സിയും നടത്തുന്നത്. പല റാങ്ക് പട്ടികകള്‍ അവസാനിക്കാറായിട്ടും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ വകുപ്പുകളും നിയമന അട്ടിമറിക്ക് കുടപിടിക്കുകയാണ്. സിവില്‍ പോലീസ് ഓഫീസര്‍ നിയമനത്തിന് കാറ്റഗറി നമ്പര്‍ 530/ 2019 വിജ്ഞാപന പ്രകാരം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റാങ്ക് പട്ടിക തയ്യാറാക്കിയെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനങ്ങങ്ങള്‍ നടക്കുന്നില്ല. കഴിഞ്ഞ റാങ്ക് പട്ടികയുടെ കാലാവധി തീര്‍ന്നിട്ട് മൂന്നു വര്‍ഷം പിന്നിടുകയാണ്. പോലീസില്‍ ഒട്ടേറെ ഒഴിവുകളുണ്ടെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാത്തത് ദുരൂഹമാണ്.

    ആരോഗ്യവകുപ്പിനു കീഴില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ റാങ്ക് പട്ടിക നിലവില്‍ വന്നിട്ട്് ഒരു വര്‍ഷവും അഞ്ചുമാസവും പിന്നിട്ടിട്ടും വിരലില്‍ എണ്ണാവുന്ന നിയമനങ്ങള്‍ മാത്രമാണ് നടന്നിരിക്കുന്നത്. പല ജില്ലകളിലും ഒഴിവുകള്‍ പി എസ് സിക്കു റിപ്പോര്‍ട്ട് ചെയ്യാതെ കരാര്‍ നിയമനങ്ങളും താല്‍ക്കാലിക നിയമനങ്ങളും നടത്തി ഒഴിവുകള്‍ നികത്തുകയാണ്. നിലവിലുള്ള റാങ്ക് പട്ടികയില്‍ നിന്നു പോലും നിയമനം നടത്താതിരിക്കേ വീണ്ടും പുതിയ വിജ്ഞാപനമിറക്കിയിരിക്കുകയാണ് പിഎസ് സി.

    ഇക്കഴിഞ്ഞ ഒന്‍പതിന് നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നടന്ന എഴുത്തുപരീക്ഷ സംബന്ധിച്ച് നിരവധി ആശങ്കകളാണ് ഉദ്യോഗാര്‍ഥികള്‍ പങ്കുവെക്കുന്നത്. കൊവിഡ് മഹാമാരിക്കു ശേഷം ധൃതി പിടിച്ച് ഒട്ടേറെ മല്‍സര പരീക്ഷകള്‍ നടത്തിയിരുന്നെങ്കിലും യഥാസമയം അതിന്റെ ഫലം പ്രസിദ്ധീകരിക്കുകയോ റാങ്ക് പട്ടിക തയ്യാറാക്കുകയോ ചെയ്യുന്നില്ല. ഒരു വശത്ത് മല്‍സര പരീക്ഷകള്‍ നടത്തി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുകയും മറവശത്തുകൂടി രാഷ്ട്രീയ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടത്തി ഉദ്യാഗാര്‍ഥികളെ കബളിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാവണം. പിഎസ് സി നിയമനക്രമങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കണം. പിന്‍വാതില്‍ നിമയനങ്ങള്‍ക്കും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ ഉദ്യാഗാര്‍ഥികളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ മുന്നറിയിപ്പു നല്‍കി.

Tags:    

Similar News