ബെംഗളൂരുവില്‍ പബ് ഉടമയെ വെടിവെച്ച് കൊന്നു: ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പോലിസ്

വ്യാഴാഴ്ച രാത്രിയാണ് പബ് ഉടമയായ മനീഷ് എന്ന ശരവതം ഷെട്ടി വെടിയേറ്റു മരിച്ചത്.

Update: 2020-10-16 13:04 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ പബ് ഉടമ അജ്ഞാതര്‍ വെടിവച്ച് കൊന്നു. വ്യാഴാഴ്ച രാത്രിയാണ് പബ് ഉടമയായ മനീഷ് എന്ന ശരവതം ഷെട്ടി വെടിയേറ്റു മരിച്ചത്. ബ്രിഗേഡ് റോഡിലെ പബ്ബിന് പുറത്തുവച്ച് ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഉടന്‍ തന്നെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട മനീഷിന് ക്രിമിനല്‍ പശ്ചാത്തമുണ്ടെന്നാണ് പോലിസ് നല്‍കുന്ന സൂചന.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. എന്നാല്‍ കൊലയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികളെത്തിയ ഹോണ്ട ഡ്യൂവോ സ്‌കൂട്ടര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവം നടന്ന ഉടന്‍ തന്നെ പോലീസ് കമ്മീഷണര്‍ കമല്‍ പന്ത്, ഡെപ്യൂട്ടി കമ്മീഷണര്‍ എംഎന്‍ അനുചേത്, എഫ്എസ്എല്‍ ടീം ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പബ്ബിനകത്തായിരുന്ന മനീഷ് ഫോണ്‍കോളില്‍ സംസാരിക്കുന്നതിന് വേണ്ടിയാണ് പുറത്തേക്കിറങ്ങിയതെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഫോണിന് നെറ്റ് വര്‍ക്ക് തകരാര്‍ നേരിട്ടതോടെ ഒറ്റയ്ക്ക് പുറത്തേക്കിറങ്ങിയപ്പോഴാണ് സംഭവമെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. ഈ സമയം ബൈക്കിലെത്തിയ അക്രമികള്‍ മനീഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മനീഷ് അധോലോക നേതാവായ ബന്നന്‍ജെ രാജയുടെ അനുയായിയാണെന്നും കഴിഞ്ഞ 20 വര്‍ഷത്തോളമായി ബെംഗളൂരു നഗരത്തിലാണ് താമസിച്ച് വരുന്നതെന്നും പോലിസ് പറയുന്നു. കൊലപാതകം, തട്ടിപ്പ്, വഞ്ചന എന്നിങ്ങനെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News