കര്‍ണാടകയുടെ വഴിയെ പുതുച്ചേരിയും: സ്‌കൂളില്‍ ഹിജാബ് ധരിക്കരുതെന്ന് പ്രധാനാധ്യാപകന്‍, പ്രതിഷേധം
അരിയങ്കുപ്പം ടൗണിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയോട് അവ ധരിക്കരുതെന്നാവശ്യപ്പെട്ടത്.
പോണ്ടിച്ചേരി: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തതിനെചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെ സമാന നീക്കവുമായി പുതുച്ചേരിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളും.
അരിയങ്കുപ്പം ടൗണിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയോട് അവ ധരിക്കരുതെന്നാവശ്യപ്പെട്ടത്. പ്രധാനാധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പി ടി രുദ്ര ഗൗഡിന് നിവേദനം നല്‍കി.
ഒമ്പതാം ക്ലാസിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. അവള്‍ വര്‍ഷങ്ങളായി ഹിജാബും ബുര്‍ഖയും ധരിച്ചാണ് സ്‌കൂളില്‍ പോവുന്നതെന്നും സ്‌കൂളില്‍ എത്തുമ്പോള്‍ ബുര്‍ഖ അഴിച്ചുമാറ്റുമെന്നും അവളുടെ പിതാവ് ഇഖ്ബാല്‍ ബാഷ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഓര്‍ഗനൈസര്‍ (സൗത്ത്) ആണ് ബാഷ.
അടുത്തിടെയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും അന്വേഷണം നടത്താന്‍ മുഖ്യ വിദ്യാഭ്യാസ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ പി ടി രുദ്ര ഗൗഡ് പറഞ്ഞു. സ്‌കൂളുകളില്‍ ഹിജാബുകള്‍ നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.