പുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു

Update: 2023-03-27 11:33 GMT
പുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു

പുതുച്ചേരി: പുതുച്ചേരിയില്‍ ബിജെപി നേതാവിനെ ഏഴംഗസംഘം ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തി. പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായത്തിന്റെ ബന്ധുവും ബിജെപി നേതാവുമായ വില്ലിയനൂര്‍ കനുവാപേട്ടിനു സമീപം വണ്ണിയാര്‍ സ്ട്രീറ്റിലെ സെന്തില്‍കുമാര(42)നെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. റോഡരികിലെ ബേക്കറിക്ക് സമീപം നില്‍ക്കുകയായിരുന്ന സെന്തിലിനെ ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. സെന്തിലിന് നേരേ ആദ്യം പെട്രോള്‍ബോംബെറിഞ്ഞ സംഘം, പിന്നാലെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. സെന്തിലിന് നേരേ രണ്ടുതവണ ബോംബെറിയുന്നതിന്റെയും വെട്ടിക്കൊലപ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകവിവരമറിഞ്ഞ് ആഭ്യന്തരമന്ത്രി നമശിവായം ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി. വിവരമറിഞ്ഞ് നിരവധി ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. അതേസമയം, കൃത്യം നടത്തിയശേഷം പ്രതികള്‍ പിന്നീട് പോലിസില്‍ കീഴടങ്ങിയതായും റിപോര്‍ട്ടുകളുണ്ട്. ഇവരെ പോലിസ് ചോദ്യംചെയ്യുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News