പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തു

Update: 2023-11-08 13:13 GMT

കല്‍പ്പറ്റ: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എബ്രഹാമിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇഡി ഓഫിസില്‍ തിരികെയെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഇടനിലക്കാരനുമായ സജീവന്‍ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയിരുന്നു. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

    പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയതത്. ബാങ്കില്‍ ഒന്നും രണ്ടും ലക്ഷം രൂപ വായ്പയെടുത്തവരുടെ രേഖ തരപ്പെടുത്തി പ്രതികള്‍ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. എട്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കരുതുന്നത്. 80,000 രൂപ വായ്പയെടുത്ത കര്‍ഷകനോട് 40 ലക്ഷം രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് നല്‍കിയതോടെ അദ്ദേഹം ആത്മഹത്യ ചെയ്തിരുന്നു. കെ കെ എബ്രഹാം ഉള്‍പ്പെടെ നാലുപേരുടെ പേരുവിവരങ്ങള്‍ ആത്മഹത്യാ കുറിപ്പില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News