പൂനെ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനുള്ള പ്രതികാരത്തില്‍ 14കാരിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് നടുറോഡില്‍ കുത്തിക്കൊന്നു. പൂനെയിലെ ബിബ്‌വേവാഡി പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കബഡി പരിശീലനത്തിനായി പോവുമ്പോഴാണ് ബൈക്കിലെത്തി പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ചൊവ്വാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവമുണ്ടായത്.
ബീബ്‌വേവാഡി പ്രദേശത്തെ കബഡി പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. റോഡിന് സമീപമുള്ള പുല്‍ത്തകിടിയില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കവെയാണ് പ്രതികളായ മൂന്നുപേര്‍ ബൈക്കുകളിലെത്തിയത്. തുടര്‍ന്ന് 22കാരനായ മുഖ്യപ്രതി ശുഭം ഭഗവതും പ്രായപൂര്‍ത്തിയാവാത്ത മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും അടക്കം നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ബിബ്‌വേവാഡി പോലിസ് സ്റ്റേഷനിലെ എസ്‌ഐ സുനില്‍ സവാരെ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിനുശേഷം മൂവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പോലിസ് നടത്തിയ തിരച്ചിലിലാണ് പ്രായപൂര്‍ത്തിയാവാത്ത രണ്ട് പ്രതികളെ പോലിസ് പിടികൂടിയത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ അകന്ന ബന്ധുവായ ശുഭം ഭഗവത് താമസിക്കാറുണ്ടായിരുന്നു. അതിനിടെ ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തി. പെണ്‍കുട്ടി ഇത് നിരസിച്ചു.
സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതിനെ എതിര്‍ക്കുകയും ശുഭം ഭഗവതിനോട് വീട്ടില്‍നിന്ന് മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഥലത്തുനിന്ന് കളിപ്പാട്ട തോക്ക് പോലെ തോന്നിക്കുന്ന ഒരു 'പിസ്റ്റള്‍' കണ്ടെത്തിയതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ (സോണ്‍ വി) നമ്രത പാട്ടീല്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പോലിസ് പരിശോധിക്കുന്നുണ്ടെന്ന് പാട്ടീല്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ ക്രൂരമായ കൊലപാതകത്തെ അപലപിച്ചു. ഉടന്‍ നടപടിയെടുക്കാന്‍ പോലിസിനോട് അദ്ദേഹം ആവശ്യപ്പെട്ടു.