കര്‍ഷക രോഷം തിരിച്ചടിയാവും; പഞ്ചാബില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് ബിജെപി നേതാക്കള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാല്‍ ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മി കാന്ത ചൗള പ്രതികരിച്ചു.
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ഷക സമരം തിരിച്ചടിയായേക്കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബിലെ ബിജെപി നേതാക്കള്‍. ഫെബ്രുവരി 15നാണ് മുന്‍സിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. പല ബിജെപി നേതാക്കളും മല്‍സര രംഗത്തിറങ്ങാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് കഴിഞ്ഞു. മത്സരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ബിജെപി വിടുമെന്നാണ് ബതിന്ദയിലെ ഒരു പ്രാദേശിക നേതാവിന്റെ മുന്നറിയിപ്പ്. 31 ബിജെപി നേതാക്കളുടെ വീടിന് മുന്നില്‍ കര്‍ഷകരുടെ അനിശ്ചിതകാല സമരം തുടരുകയാണ്. എപ്പോള്‍ അവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാലും അപ്പോള്‍ പ്രതിഷേധം നേരിടേണ്ടിവരുന്നു. കൂടുതല്‍ ബിജെപി നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ പാര്‍ട്ടി വിട്ട് അകാലിദളില്‍ എത്തുമെന്ന് സുഖ്ബിര്‍ സിങ് ബാദല്‍ അവകാശപ്പെട്ടു.
മുതിര്‍ന്ന ബിജെപി നേതാക്കളും മോദിക്കും കേന്ദ്ര നേതൃത്വത്തിനും എതിരേ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാല്‍ ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മി കാന്ത ചൗള പ്രതികരിച്ചു. ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിലാണ് ഞാന്‍ സംസാരിക്കുന്നത്. ഒരു ബിജെപി നേതാവെന്ന നിലയില്‍ അല്ല. ഒരു പ്രതിഷേധവും ഇത്രയും കാലം നീണ്ടുപോകരുതെന്ന് എനിക്ക് തോന്നുന്നു. കടുത്ത ശൈത്യം കാരണം കര്‍ഷകര്‍ മരിക്കാന്‍ തുടങ്ങിയപ്പോള്‍, സമരവേദിയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. കൃഷിമന്ത്രിക്ക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇത്രയും കാലം സമാധാനപരമായി സമരം ചെയ്ത കര്‍ഷകര്‍ ലോകത്തിന് മാതൃകയാണ്. കര്‍ഷകരുടെ ഭാഗത്തും ശരിയുണ്ട്. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി തെറ്റല്ല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്നെ കര്‍ഷകര്‍ക്കൊപ്പമിരുന്ന് പരിഹാരം കണ്ടെത്തണം. പ്രധാനമന്ത്രി വിചാരിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് പരിഹാരം കണ്ടെത്താനാവും. മുന്‍മന്ത്രി കൂടിയായ മുതിര്‍ന്ന നേതാവ് ലക്ഷ്മി കാന്ത ചൗള പറഞ്ഞു.
സംസ്ഥാന നേതൃത്വം ഒരിക്കലും പ്രക്ഷോഭത്തെ ഗൗരവമായി എടുത്തില്ല എന്ന് ബിജെപി വിട്ട സംസ്ഥാന സെക്രട്ടറി മജിന്ദര്‍ സിങ് കാങ് പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 15ലധികം ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ട് അകാലിദളത്തില്‍ ചേര്‍ന്നു. ഇക്കാര്യത്തില്‍ താന്‍ സംസ്ഥാന നേതാക്കളുമായി തര്‍ക്കിച്ചിരുന്നു. ഒക്ടോബര്‍ 13ന് ഡല്‍ഹിയില്‍ കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയിയിലേക്ക് കേന്ദ്രമന്ത്രിമാര്‍ വരാതെ കാര്‍ഷിക സെക്രട്ടറിയെ അയച്ചപ്പോഴാണ് താന്‍ രാജിവെക്കാന്‍ തീരുമാനിച്ചതെന്നും മജിന്ദര്‍ സിങ് കാങ് പറഞ്ഞു.
എന്നാല്‍ പാര്‍ട്ടിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ബിജെപിയുടെ സംസ്ഥാന സെക്രട്ടറി ദിനേഷ് കുമാര്‍ അവകാശപ്പെട്ടു. തുടക്കത്തില്‍ പ്രക്ഷോഭത്തിന് ധനസഹായം നല്‍കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ പ്രതിഷേധം കമ്മ്യൂണിസ്റ്റുകാരുടെ കൈയിലാണ്. അവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പഞ്ചാബിലെ 31 കര്‍ഷക യൂണിയനുകളില്‍ 26 എണ്ണത്തിനും കമ്മ്യൂണിസ്റ്റ് ചായ്‌വുണ്ട്. പ്രതിഷേധം തീരണമെന്ന് ബിജെപിക്ക് ആഗ്രഹമുണ്ടെങ്കിലും നീട്ടിക്കൊണ്ടുപോകുന്നത് യൂണിയനുകളാണെന്നും അദ്ദേഹം ആരോപിച്ചു.