ലഹരി ഉപയോഗിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികള്‍

താമരശ്ശേരി: ലഹരി ഉപയോഗിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് തീരുമാനിച്ച് കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലുള്ള മുസ്‌ലിം മഹല്ല് കമ്മറ്റികള്‍. ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹങ്ങളുമായി മഹല്ലുകള്‍ സഹകരിക്കില്ലെന്നും അത്തരക്കാരുടെ വിവാഹം ചെയ്തുകൊടുക്കില്ലെന്നും മഹല്ല് കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു. വിവാഹം ലഹരി ഉപയോഗം ഇല്ലാത്തവരുമായി മാത്രമാക്കുമെന്ന് യോഗത്തില്‍ തീരുമാനമായി.
പെണ്‍കുട്ടികളുടെ സൗഹൃദങ്ങള്‍ അപകടം വിളിച്ചു വരുത്താതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തും, ഫലപ്രദമായ പാരന്റിംഗ് എങ്ങനെ വേണമെന്ന് മഹല്ല് തലത്തില്‍ പരിശീലനം നല്‍കും, സമൂഹത്തെ വെല്ലുവിളിച്ച് ലഹരിയുമായി നടക്കുന്നവരെ മഹല്ലില്‍ ബഹിഷ്‌കരിക്കും, ലഹരിക്കെതിരെ മഹല്ല് തലത്തില്‍ ബഹുജന-യുവജന കൂട്ടായ്മ രൂപീകരിക്കും, മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരും പോലിസും നടത്തുന്ന നടപടികളോട് സര്‍വ്വ തലത്തിലും സഹകരിക്കും തുടങ്ങിയ തീരുമാനങ്ങളാണ് മഹല്ല് ഭാരവാഹികളുടെ യോഗം കൈക്കൊണ്ടത്. പുതുപ്പാടി പഞ്ചായത്തിലെ സുന്നി-മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി പള്ളികളിലെ ഭാരവാഹികള്‍ ഒടുങ്ങാക്കാട് മസ്ജിദ് ഹാളില്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്.