യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കി റഷ്യ; ബഖ്മുതിലെ സ്ഥിതി അതീവഗുരുതരമെന്ന് സെലെന്‍സ്‌കി
കീവ്: കിഴക്കന്‍ യുക്രെയ്ന്‍ നഗരമായ ബഖ്മുതില്‍ റഷ്യന്‍ ആക്രമണം കനത്തനാശം വിതച്ചുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കി. ബഖ്മുതില്‍ സ്ഥിതി അതീവഗുരുതരമാണ്. ഇവിടെ പിടിച്ചുനില്‍ക്കുക പ്രയാസമാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ആറു മാസമായി റഷ്യയുടെ ആക്രമണത്തെ പ്രതിരോധിച്ചിരുന്ന നഗരത്തില്‍ കനത്ത മിസൈല്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. യുദ്ധത്തിനുമുമ്പ് ഏകദേശം 70,000 ജനസംഖ്യയുണ്ടായിരുന്ന ബഖ്മുത്തിന് ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളില്‍ റഷ്യ ഷെല്ലാക്രമണം നടത്തുകയാണെന്ന് യുക്രെയ്ന്‍ സൈന്യം ചൊവ്വാഴ്ച പറഞ്ഞു.
മാസങ്ങള്‍ നീണ്ട തീവ്രമായ യുദ്ധത്തിന് ശേഷം നഗരം തകര്‍ന്നുകിടക്കുകയാണ്. ബഖ്മുതിന്റെ ഒരുഭാഗം റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും റഷ്യ മുന്നേറുകയാണ്. ഔദ്യോഗികമായി റിപോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ മോശം അവസ്ഥയാണ് ബഖ്മുതിലെന്ന് യുക്രെയ്ന്‍ സൈനികനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, പ്രദേശത്തുനിന്ന് യുക്രെയ്ന്‍ സൈന്യം പിന്‍മാറുന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബഖ്മുത് സന്ദര്‍ശിച്ച റോയിട്ടേഴ്‌സ് റിപോര്‍ട്ടര്‍ പറയുന്നത്. റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ആധുനിക യുദ്ധവിമാനങ്ങള്‍ അയക്കണമെന്നാണ് സെലെന്‍സ്‌കി ആവശ്യപ്പെടുന്നത്. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മോസ്‌കോയുടെ നിലപാട് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആവര്‍ത്തിച്ചു.