'എന്നെ കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചു, ഇനി പ്രതീക്ഷ കോടതിയില്‍'; മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് പി വി അന്‍വര്‍

Update: 2024-09-26 11:33 GMT

നിലമ്പൂര്‍: തന്നെ കള്ളക്കടത്തുകാരനാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും അജിത്ത് കുമാര്‍ എഴുതിക്കൊടുക്കുന്നതാണ് അദ്ദേഹം പറയുന്നതെന്നും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പാര്‍ട്ടിയിലുള്ള പ്രതീക്ഷ കൈവിട്ടെന്നും ഇനി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരേ അന്‍വര്‍ ആഞ്ഞടിച്ചത്. മുഖ്യമന്ത്രിക്ക് ഇതൊന്നും അറിയില്ല. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയില്‍ അന്വേഷിച്ചില്ലല്ലോ. നിലമ്പൂര്‍ അങ്ങാടിയില്‍ കടല വില്‍ക്കുന്നവര്‍ക്ക് പോലുമറിയാം, സ്വര്‍ണക്കടത്ത് പിടികൂടുന്നതിലെ തട്ടിപ്പ്. എന്നിട്ട് ഇതിനു പിന്നിലെല്ലാം അന്‍വറാണോയെന്ന പരാതിയും അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പി ശശി മാതൃകാപ്രവര്‍ത്തനം നടത്തുന്നയാളാണെന്നാണ് പറഞ്ഞത്. എനിക്കു പിന്നാലെ പോലിസുകാരുണ്ട്. ഇന്നലെ രാത്രിയും രണ്ടു പോലിസുകാര്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. എന്റെ വീട് നിലമ്പൂരില്‍ ഗേറ്റടക്കാതിരുന്നിട്ട് 40 വര്‍ഷമായി. ആര്‍ക്കും ഏതുസമയത്തും വരാം. ഇന്നലെ ബഹളം കേട്ട് നോക്കിയപ്പോഴാണ് രണ്ട് പോലിസുകാരെ കണ്ടത്. സ്വര്‍ണക്കടത്തിലും എസ് പി ഓഫിസ് ക്യാംപിലെ മരംമുറിയിലും ശരിയായ രീതിയിലല്ല അന്വേഷണം നടക്കുന്നത്. അന്വേഷണം പ്രഹസനമാണ്. ഇതോടെ ഞാന്‍ തന്നെ അന്വേഷണ ഏജന്‍സിയായി മാറി. സ്വര്‍ണക്കടത്ത് കാരിയര്‍മാരുമായും കടത്തുകാരുമായും സംസാരിച്ചു. വേറെ വഴിയില്ലായിരുന്നു. രണ്ട് യാത്രക്കാരുടെ വീഡിയോ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എഡിജിപി പറഞ്ഞ എല്ലാ നിബന്ധനകളും പാലിച്ച്, രാജ്യസ്‌നേഹം കാണിച്ച് കേസ് പിടിക്കുന്നതാണോയെന്ന് നോക്കൂവെന്നും അന്‍വര്‍ പറഞ്ഞു. രണ്ട് കുടുംബങ്ങള്‍ അന്‍വറിനെ സമീപിച്ച് പരാതി പറയുന്ന വീഡിയോ ആണ് പ്രദര്‍ശിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേയും സെക്രട്ടേറിയറ്റ് തീരുമാനങ്ങളെയും അന്‍വര്‍ വിമര്‍ശിച്ചു.

    മുഖ്യമന്ത്രിയെ പാര്‍ട്ടി തിരുത്തുമെന്നാണ് കരുതിയത്. പക്ഷേ, അതുണ്ടായില്ല. പി ശശിയും ഞാനും 40 വര്‍ഷത്തെ പരിചയമുണ്ടെന്നാണ് പറഞ്ഞത്. ഞാന്‍ ഈ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തുടങ്ങിയത് എട്ടുവര്‍ഷമെന്നത് പാര്‍ട്ടി നേതാക്കള്‍ക്ക് തെറ്റിയതാണ്. ഡിഐസി തിരിച്ച് കോണ്‍ഗ്രസിലെത്തിയ ശേഷം മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നു. തന്റെ പരാതികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നാണ് സെക്രട്ടറി പറഞ്ഞത്. എങ്കില്‍ വേസ്റ്റ് ബോക്‌സില്‍ ഇടുകയല്ലേ ചെയ്യുക. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് ഞാന്‍ ഉന്നയിച്ചത്.

    കമ്മ്യൂണിസ്റ്റുകാരനാണെന്നു പറഞ്ഞാല്‍ പോലിസ് സ്‌റ്റേഷനില്‍നിന്ന് രണ്ട് അടി കൂടുതല്‍ കിട്ടുന്ന അവസ്ഥയുണ്ടായി. അതിന് കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. പ്രതീക്ഷയെല്ലാം പാര്‍ട്ടിയിലായിരുന്നു. പക്ഷേ, മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിപ്പറഞ്ഞു. ഇനി പ്രതീക്ഷ കോടതിയാണ്. ഹൈക്കോടതിയെ സമീപിക്കും. എല്ലാം വളച്ചൊടിക്കുകയാണ്. ഇപ്പോള്‍ പാര്‍ട്ടിക്ക് നല്‍കിയ ഉറപ്പ് ലംഘിക്കാന്‍ കാരണം സ്വര്‍ണക്കടത്ത്, മരംമുറി കേസ് അന്വേഷണം പ്രഹസനമാണെന്നു മനസ്സിലായതിനാലാണെന്നും അന്‍വര്‍ പറഞ്ഞു.

Tags:    

Similar News