പി വി അന്‍വര്‍ എംഎല്‍എ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസ്: സിജെഎം കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ ഹരജി
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ പ്രതിയായ 50 ലക്ഷം രൂപയുടെ ക്രഷര്‍ തട്ടിപ്പ് കേസ് സിവില്‍ സ്വഭാവമുള്ളതാക്കി മലപ്പുറം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച തുടരന്വേഷണ റിപോര്‍ട്ട് അംഗീകരിച്ച മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരേ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരനായ മലപ്പുറം നടുത്തൊടി സലീമാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് അടുത്തയാഴ്ച പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ പി വി അന്‍വറിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് ക്രിമിനല്‍ സ്വഭാവമുള്ള വഞ്ചനാകേസ് ക്രൈം ബ്രാഞ്ച് സിവിലാക്കി മാറ്റിയതെന്നാണ് സലീമിന്റെ ആരോപണം. മഞ്ചേരി സിജെഎം കോടതി ഉത്തരവ് റദ്ദാക്കി ശരിയായ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹരിജിയിലെ ആവശ്യം. നേരത്തെ, സിവില്‍ സ്വഭാവമെന്നും കാണിച്ച് ക്രൈം ബ്രാഞ്ച് മലപ്പുറം എസ്പി പി വിക്രമന്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ട് മഞ്ചേരി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. ശ്മി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് പി വി അന്‍വര്‍ മലപ്പുറം സ്വദേശിയായ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. തട്ടിപ്പിനിരയായ സലീമിനെ വഞ്ചിക്കാന്‍ പി വി അന്‍വറിന് ഉദ്ദേശ്യമില്ലായിരുന്നെന്ന ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നു വ്യക്തമാക്കിയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് എസ് രശ്മി ക്രൈം ബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് തള്ളിയിരുന്നത്. ക്രഷറിന്റെ ഉടമസ്ഥാവകാശം പി വി അന്‍വറിനാണെന്ന് തെളിയിക്കുന്നത് അടക്കമുള്ള ഒരു രേഖകളും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും അന്ന് കോടതി വിലയിരുത്തിയിരുന്നു. പ്രസ്തുത റിപോര്‍ട്ട് സമര്‍പ്പിച്ച മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍ തന്നെയാണ് രണ്ടാമതും സിവില്‍ സ്വഭാവമെന്നും കാണിച്ച് തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്. സിജെഎം എസ് രശ്മി സ്ഥലംമാറിപ്പോയതോടെ പുതിയതായെത്തിയ സിജെഎം എ എം അഷ്‌റഫാണ് കഴിഞ്ഞ മെയ് 10ന് വഞ്ചനാകേസ് സിവിലാക്കിയ ക്രൈം ബ്രാഞ്ച് റിപോര്‍ട്ട് ശരിവച്ചത്. പരാതിക്കാരന് ഇനി സ്വകാര്യ അന്യായം ഫയല്‍ ചെയ്യാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഉത്തരവിനെതിരേ സലീം ഹൈക്കോടതിയെ സമീപിച്ചത്.
മഞ്ചേരി സിജെഎം കോടതി സിവില്‍ സ്വഭാവമുള്ള കേസെന്ന് ഉത്തരവിട്ട കേസ് നേരത്തേ രണ്ടു തവണ ഹൈക്കോടതി ക്രിമിനല്‍ സ്വഭാവമുള്ളതാണെന്ന് വിലയിരുത്തി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിുന്നു. സിപിഎം സഹയാത്രികനായ സലീം തട്ടിപ്പിനിരയായതോടെ ആദ്യം പരാതി നല്‍കിയത് 2017 ഫെബ്രുവരി 17ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടിയായ കോടിയേരി ബാലകൃഷ്ണനായിരുന്നു. പാര്‍ട്ടി നേതൃത്വം ഇടപെട്ടിട്ടും പരിഹാരം ഇല്ലാതായതോടെയാണ് മഞ്ചേരി പോലിസില്‍ പരാതി നല്‍കിയത്. എംഎന്നാല്‍, എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ല. ഇതോട മഞ്ചേരി സിജെഎം കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. ഐപിസി 420 പ്രകാരം വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പി വി അന്‍വര്‍ എം.എല്‍.എയെ പ്രതിചേര്‍ത്ത് പോലിസ് കേസെടുത്തത്. എന്നാല്‍ എംഎല്‍എയെ അറസ്റ്റില്‍ നിന്നും രക്ഷിക്കാന്‍ കേസ് സിവില്‍ സ്വഭാവമെന്നു കാണിച്ച് പോലിസ് മഞ്ചേരി സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിനെതിരേ സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോലിസ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാണ് ഹൈക്കോടതി 2018 നവംബര്‍ 13ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എംഎല്‍എയായ പി വി അന്‍വര്‍ പരാതിക്കാരനില്‍ 50 ലക്ഷം വാങ്ങിയതായും കരാര്‍ ഉണ്ടാക്കിയതായും സമ്മതിച്ചതായി വിലയിരുത്തിയാണ് ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നു കാണിച്ച് പി വി അന്‍വര്‍ പുനപരിശോധനാ ഹരജി സമര്‍പ്പിച്ചെങ്കിലും അതു തള്ളിയ ഹൈക്കോടതി എംഎല്‍എ പ്രതിയായ ഗൗരവകരമായ സാമ്പത്തിക തട്ടിപ്പാണെന്നു വിലയിരുത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ 2018 ഡിസംബര്‍ അഞ്ചിന് ഉത്തരവിട്ടത്. ഇതിനു പിന്നാലെ ക്രൈം ബ്രാഞ്ച് പി വി അന്‍വറിനെ രക്ഷിക്കാന്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സലീം മഞ്ചേരി സിജെഎം കോടതിയെ സമീപിക്കുകയും കോടതി ക്രൈം ബ്രാഞ്ച് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കുകയും ചെയ്തിരുന്നു.
ക്രഷര്‍ സര്‍ക്കാരില്‍ നിന്നു പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുന്‍ ഉടമസ്ഥനായിരുന്ന ഇബ്രാഹീമിന്റെ മൊഴി. ഈ മൊഴി അടക്കം ചൂണ്ടിക്കാട്ടി പി വി അന്‍വര്‍ കരാറില്‍ സ്വന്തം ഉടമസ്ഥതയിലും ക്രയ-വിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്ന് 2021 സെപ്തംബര്‍ 30ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വഞ്ചനാകുറ്റത്തിന് ഐ.പി.സി 420 പ്രകാരം ജാമ്യമില്ലാവകുപ്പില്‍ ഏഴു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അന്‍വറിനെതിരേ ചുമത്തിയിരുന്നത്. കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന ഘട്ടത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് സിവില്‍ സ്വഭാവമെന്ന് രണ്ടാമതും റിപോര്‍ട്ട് നല്‍കിയതെന്നാണ് ആരോപണം. ഈ റിപോര്‍ട്ട് മഞ്ചേരി സിജെഎം കോടതി ശരിവച്ചതോടെയാണ് സലീം റിവിഷന്‍ ഹരജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.