നിലമ്പൂരില്‍ വിശദീകരണ യോഗം വിളിച്ച് പി വി അന്‍വര്‍ എംഎല്‍എ; യോഗം ഇന്ന് വൈകിട്ട്

Update: 2024-09-29 04:28 GMT
നിലമ്പൂരില്‍ വിശദീകരണ യോഗം വിളിച്ച് പി വി അന്‍വര്‍ എംഎല്‍എ; യോഗം ഇന്ന് വൈകിട്ട്

മലപ്പുറം: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അന്‍വര്‍ യോഗം വിളിച്ചിരിക്കുന്നത്. വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു കഴിഞ്ഞ ദിവസം പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം. നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാര്‍ട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.

പി വി അന്‍വര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ പി വി അന്‍വറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്.അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തിയ പി വി അന്‍വറിന്റെ നീക്കങ്ങള്‍ സിപിഎം സംസ്ഥാന നേതൃത്വം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വം വിവാദം വിശദീകരിക്കും. ദില്ലിയില്‍ ഇന്നും നാളെയുമായാണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പാര്‍ട്ടിക്കെതിരെ തിരിക്കാന്‍ അന്‍വറിന്റെ നീക്കം കാരണമായേക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. അന്‍വറിന്റെ ഓരോ നീക്കത്തെയും ഏറെ കരുതലോടെയാണ് അതിനാല്‍ നേതൃത്വം കാണുന്നത്.







Tags:    

Similar News