കൊവിഡ് 19: പ്രതിസന്ധികളെ മറികടക്കാന്‍ വിയോജിപ്പുകള്‍ മറന്ന് ലോകം ഒന്നിക്കണമെന്ന് ഖത്തര്‍ അമീര്‍

ഫലപ്രദമായ ഒരു വാക്‌സിനും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ, കൊവിഡ് പ്രതിരോധത്തിന് അന്താരാഷ്ട്ര തലത്തിലെ സഹകരണം അനിവാര്യമാണ്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പറഞ്ഞു.

Update: 2020-04-25 01:38 GMT

ദോഹ: കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ രംഗത്തും സാമ്പത്തിക മേഖലയിലും ഉണ്ടായ പ്രതിസന്ധികളെ മറികടക്കാന്‍ വിയോജിപ്പുകള്‍ മറന്ന് ലോകം ഒന്നിക്കണമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. റമദാന്‍ വ്രതാരംഭത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വാക്‌സിന്‍ ഉല്‍പാദനത്തിലും മരുന്ന് നിര്‍മാണത്തിലും മത്സരിക്കാതെ പരസ്പരം സഹകരിക്കണം. വരാനിരിക്കുന്ന നാളുകള്‍ പ്രയാസമേറിയതാകുമെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

ഫലപ്രദമായ ഒരു വാക്‌സിനും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ, കൊവിഡ് പ്രതിരോധത്തിന് അന്താരാഷ്ട്ര തലത്തിലെ സഹകരണം അനിവാര്യമാണ്. ഖത്തറില്‍ വളരെ നേരത്തെ തന്നെ കൊവിഡ്19 രോഗം കണ്ടെത്തുകയും ഇതിന്റെ പ്രത്യാഘാതം എത്രത്തോളമുണ്ടാകുമെന്ന് വിലയിരുത്തുകയും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ രാജ്യം തയ്യാറായിട്ടുമുണ്ട്.

രോഗനിവാരണത്തിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സഹകരണം അത്യാവശ്യമാണ്. വൈറസ് ബാധയെ പിടിച്ച് കെട്ടാന്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ മാത്രം മതിയാവില്ല. വ്യാപകമായ മെഡിക്കല്‍ പരിശോധനകള്‍ അനിവാര്യമായിരിക്കുന്നു. രോഗബാധിതരുടെയും അവരുടെ സമ്പര്‍ക്ക വലയത്തിലുള്ളവരുടെയും പരിശോധന നിര്‍ബന്ധമാണ്. ആദ്യ ദിനം മുതല്‍ തന്നെ തീര്‍ത്തും സുതാര്യതയിലാണ് രാജ്യം മുന്നോട്ട് നീങ്ങുന്നത്. രോഗം തടയുന്നതില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ് എന്നതോടൊപ്പം സത്യം മറച്ചു പിടിക്കുന്നത് ജനങ്ങളെ വലിയ അപകടത്തിലാക്കുകയും ചെയ്യും.

കൊവിഡ് പ്രതിരോധത്തിന് പുതിയ ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിന് പുതിയ ഫാക്ടറികള്‍ പ്രവര്‍ത്തനമാരംഭിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ മെഡിക്കല്‍ വിദഗ്ധരെയും സംവിധാനങ്ങളും നാം സജ്ജീകരിച്ചിരിക്കുന്നു. ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കാന്‍ കഴിയുന്ന ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാണ്. എന്നാല്‍ അത് ഉപയോഗിക്കാന്‍ ഇട വരില്ല എന്ന പ്രതീക്ഷയിലാണ് രാജ്യം. കൊവിഡ് 19നെ തുടര്‍ന്നുണ്ടായ സാമ്പത്തിക വെല്ലുവിളികളും പ്രതിസന്ധികളും മറികടക്കാനാവശ്യമായ ഫണ്ട് നീക്കിവച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടവും തരണം ചെയ്യാന്‍ രാജ്യത്തിനാകുമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News