ദോഹ: ഖത്തറില്‍ ആദ്യമായി കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശയാത്ര കഴിഞ്ഞെത്തിയ നാല് പേരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തിയ നാല് പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്‌സിന്‍ എടുത്തിട്ടില്ല.
ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി കര്‍ശന നിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. കൊവിഡ് വാക്‌സിനേഷന്‍ എടുക്കുക അല്ലെങ്കില്‍ യോഗ്യമായവര്‍ ഉടന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുക, കൊവിഡിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ വേഗത്തില്‍ പരിശോധന നടത്തുക, കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തമായി പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.
ഖത്തറില്‍ 196,692 പേര്‍ക്ക് സുരക്ഷിതമായി ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് പ്രതിരോധശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും എല്ലാ വകഭേദങ്ങളില്‍ നിന്നും ദീര്‍ഘകാല സംരക്ഷണം നല്‍കുകയും ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ലഭിക്കുക.