താലിബാനെ ഒറ്റപ്പെടുത്തുന്നത് അഫ്ഗാനിസ്താനെ കൂടുതല്‍അസ്ഥിരമാക്കും: മുന്നറിയിപ്പുമായി ഖത്തര്‍
അഫ്ഗാനിസ്താനിലെ സുരക്ഷയും സാമൂഹിക സാമ്പത്തിക ആശങ്കകളും പരിഹരിക്കാന്‍ താലിബാനുമായി ഇടപെടാന്‍ ലോകരാജ്യങ്ങളോട് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി അഭ്യര്‍ഥിച്ചു.
ദോഹ: താലിബാനെ ഒറ്റപ്പെടുത്തുന്നത് അഫ്ഗാനിസ്താനെ കൂടുതല്‍ അസ്ഥിരതയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി. അഫ്ഗാനിസ്താനിലെ സുരക്ഷയും സാമൂഹിക സാമ്പത്തിക ആശങ്കകളും പരിഹരിക്കാന്‍ താലിബാനുമായി ഇടപെടാന്‍ ലോകരാജ്യങ്ങളോട് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി അഭ്യര്‍ഥിച്ചു.
ഗള്‍ഫിലെ യുഎസ് സഖ്യകക്ഷിയായ ഖത്തര്‍ 2013 മുതല്‍ സംഘത്തിന്റെ രാഷ്ട്രീയ ഓഫീസിന് ആതിഥേയത്വം വഹിച്ച് താലിബാന്റെ ഒരു പ്രധാന ഇടനിലക്കാരനായി വര്‍ത്തിച്ച് വരികയാണ്.
'തങ്ങള്‍ ഉപാധികള്‍ വെക്കുകയും ഈ ഇടപഴകല്‍ അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍, ഒരു ശൂന്യതയാവും സൃഷ്ടിക്കപ്പെടുക, ആരാണ് ഈ ശൂന്യത നികത്തുകയെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹൈക്കോ മാസിനൊപ്പം ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി ചോദിച്ചു.
ആഗസ്ത് 15ന് കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം താലിബാനെ അഫ്ഗാന്‍ ഭരണകൂടമായി ഒരു രാഷ്ട്രവും ഇതുവരെ അംഗീകരിച്ചിട്ടില്ല.എല്ലാ വിഭാഗത്തെയും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കാനും മനുഷ്യാവകാശങ്ങള്‍ മാനിക്കാനും വിവിധ പാശ്ചാത്യ രാഷ്ട്രങ്ങള്‍ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇടപെടലില്ലാതെ സുരക്ഷാസാമൂഹികസാമ്പത്തിക മേഖലകളില്‍ യഥാര്‍ഥ പുരോഗതിയിലെത്താന്‍ കഴിയില്ലെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. താലിബാനെ സര്‍ക്കാറായി അംഗീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്താനെ സഹായിക്കാന്‍ ബെര്‍ലിന്‍ തയ്യാറാണെന്നും എന്നാലത് ചില ഉപാധികളോടെ മാത്രമായിരിക്കുമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി മാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ അഫ്ഗാന്‍ സര്‍ക്കാരിലെ അംഗങ്ങളുമായും സിവില്‍ സമൂഹത്തിലെ പ്രമുഖരുമായും ചര്‍ച്ച നടത്തിയ താലിബാന്‍ ഉടന്‍ ഒരു സമ്പൂര്‍ണ സര്‍ക്കാരിനെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ എന്ന ആശയത്തോട് താലിബാന്‍ തുറന്ന മനസ്സാണ് പ്രകടിപ്പിച്ചതെന്ന് ഖത്തര്‍ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിന് ഖത്തര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും തീരുമാനമായിട്ടില്ലെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി കൂട്ടിച്ചേര്‍ത്തു.