റഫേല്‍ ഇടപാടിലെ കൈക്കൂലി: ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ നാണം കെടുത്തി ഫ്രഞ്ച് പോര്‍ട്ടല്‍
അന്വേഷണം നടത്താതിരുന്ന ഇഡി, സിബിഐ എന്നിവ അടക്കമുള്ള ഏജന്‍സികള്‍ ഭരണത്തിലെ ഉന്നതരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുക മാത്രമാണെന്ന ആരോപണം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്
ന്യൂഡല്‍ഹി:റഫേല്‍ ഇടപാടു സംബന്ധിച്ച ഫ്രഞ്ച് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ നാണം കെടുത്തുന്നു.റഫാല്‍ പോര്‍വിമാന ഇടപാടില്‍ ഇടനിലക്കാരന്‍ കൈക്കൂലി നല്‍കിയതായി വെളിപ്പെട്ടിട്ടും അന്വേഷണം നടത്താതിരുന്ന ഇഡി, സിബിഐ എന്നിവ അടക്കമുള്ള ഏജന്‍സികള്‍ ഭരണത്തിലെ ഉന്നതരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുക മാത്രമാണെന്ന ആരോപണം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കു വില്‍ക്കാനുള്ള കരാര്‍ ഉറപ്പിക്കാനായി ഫ്രഞ്ച് കമ്പനി ഡാസോ ഇടനിലക്കാരന്‍ സുശേന്‍ ഗുപ്തയ്ക്ക് 64 കോടി രൂപ (7.5 മില്യണ്‍ യൂറോ) കമ്മീഷന്‍ നല്‍കിയതിന് രേഖകളുണ്ടായിട്ടും ഇന്ത്യന്‍ ഏജന്‍സികള്‍ അതേക്കുറിച്ച് അന്വേഷിച്ചില്ല എന്നാണ് കഴിഞ്ഞദിവസം ഫ്രഞ്ച് പോര്‍ട്ടലായ മീഡിയപാര്‍ട്ട് വെളിപ്പെടുത്തിയത്. 36പോര്‍ വിമാനങ്ങളാണ് റഫേല്‍ കമ്പനിയില്‍ നിന്ന് ഇന്ത്യ വാങ്ങാന് കരാറാക്കിയിരുന്നത്.
59,000 കോടി രൂപയുടെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഫ്രഞ്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ടിരുക്കുന്നത്. ഇടനിലക്കാരന് രഹസ്യമായി കമ്മിഷന്‍ നല്‍കാന്‍ ഡാസോ കമ്പനി തയാറാക്കിയ വ്യാജ ഇന്‍വോയിസുകളുടെ പകര്‍പ്പും പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചു. ഈ രേഖകള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഏജന്‍സികള്‍ അഴിമതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്പറയുന്നു. ഇടനിലക്കാരനായ സുശേന്‍ ഗുപ്തയ്ക്ക് കമ്പനി കമ്മിഷന്‍ നല്‍കിയെന്നതിന്റെ തെളിവ് 2018 ഒക്‌ടോബര്‍ മുതല്‍ തന്നെ സിബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത ഗുപ്തയുടെ ഷെല്‍ കമ്പനിയായ ഇന്റര്‍സ്‌റ്റെല്ലര്‍ ടെക്‌നോളജീസ് വഴി 2007നും 2012നും ഇടയില്‍ 7.5 മില്യണ്‍ യൂറോ ഡാസോ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നാണ് രേഖ. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടിലും സുശേന്‍ ഇടനിലക്കാരനായിരുന്നുവെന്നും വെളിപ്പെടുത്തപ്പെട്ടിരുന്നു.