സിറിയയിലെ ഇറാന്റെ ഇടപെടല്‍; രൂക്ഷ വിമര്‍ശനവുമായി റഫ്‌സഞ്ചാനിയുടെ മകള്‍

ഇറാനിയന്‍ ഇടപെടല്‍ അഞ്ചു ലക്ഷം സിറിയക്കാരെ കൊന്നൊടുക്കാന്‍ കാരണമായെന്നും അവര്‍ കുറ്റപ്പെടുത്തി.

Update: 2021-01-14 06:37 GMT

തെഹ്‌റാന്‍: സിറിയയിലെ ഇറാനിയന്‍ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് അന്തരിച്ച ഇറാനിയന്‍ പ്രസിഡന്റിന്റെ മകളായ ഫായിസ ഹാഷിമി റഫ്‌സഞ്ചാനി. ഇറാനിയന്‍ ഇടപെടല്‍ അഞ്ചു ലക്ഷം സിറിയക്കാരെ കൊന്നൊടുക്കിയെന്നും അവര്‍ കുറ്റപ്പെടുത്തി.

1989 മുതല്‍ 1997വരെ ഇറാന്‍ പ്രസിഡന്റായിരുന്ന തന്റെ പിതാവ് സിറിയയില്‍ ഇറാനിയന്‍ ഇടപെടലിനെ എതിര്‍ത്തതായും തന്റെ എതിര്‍പ്പിനെക്കുറിച്ച് കുദ്‌സ് ഫോഴ്‌സിന്റെ മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അറിയിച്ചിരുന്നതായും ഇറാനിയന്‍ എന്‍സാഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫായിസ വ്യക്തമാക്കി.

'സിറിയയിലേക്ക് പോകുന്നതിനുമുമ്പ് സുലൈമാനി തന്റെ പിതാവിനോട് കൂടിയാലോചിച്ചു, അവിടെ പോകരുതെന്ന് തന്റെ പിതാവ് പറഞ്ഞു'- ഫായിസ വ്യക്തമാക്കി. സുലൈമാനിയുടെ മരണ വാര്‍ഷികത്തില്‍ അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നത് നാം കേള്‍ക്കുന്നില്ല

സിറിയയിലേക്ക് പോകരുതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ദീര്‍ഘദൃഷ്ടി ഉണ്ടായിരുന്നു.അദ്ദേഹം പറഞ്ഞത് ശരിയാണെന്നു കാലം തെളിയിക്കുകയും ചെയ്തു-ഫായിസ പറഞ്ഞു. ബഷാറുല്‍ അസദിന് തങ്ങള്‍ നല്‍കിയ സഹായത്തിന്റെ ഫലമായി രാസവസ്തുക്കളോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് അഞ്ചുലക്ഷം പേരെ കൊല്ലപ്പെട്ടതായും ഇത് തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ മേഖലയിലെ നയങ്ങളെ വിമര്‍ശിച്ച ഫായിസ, തെറ്റായ കാര്യങ്ങളിലൂടെ തെഹ്‌റാന്‍ സുഹൃത്തുക്കളെ നഷ്ടപ്പെടുത്തുകയും പിന്തുണക്കാരെ വിമര്‍ശകരാക്കി മാറ്റുകയും വിമര്‍ശകരെ എതിരാളികളാക്കുകയും ചെയ്‌തെന്ന് അവര്‍ കുറ്റപ്പെടുത്തി.

Tags:    

Similar News