റഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി വിളിച്ചു
റിയാദ്: മലയാളികള്‍ ക്രൗഡ് ഫണ്ടിങിലൂടെ കോടികള്‍ സമാഹരിച്ചത് ലക്ഷ്യത്തിലേക്ക് ഒരുചുവട് കൂടി അടുക്കുന്നു. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മലയാളിയായ അബ്ദുര്‍റഹീമിന്റെ മോചനം സംബന്ധിച്ച ആശ്വാസവാര്‍ത്തകളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട അനസ് അല്‍ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണില്‍ ബന്ധപ്പെട്ടതായി കുടുംബ വക്കീല്‍ മുബാറക് അല്‍ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ധീഖ് തുവ്വൂര്‍ അറിയിച്ചു. കുടുംബം ആവശ്യപ്പെട്ട ദിയാധനം സമാഹരിച്ചതായും മാപ്പ് നല്‍കാന്‍ സമ്മതം അറിയിച്ചതായും വധശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ തുടങ്ങിയത്. ഏപ്രില്‍ 15നാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കോടതിയില്‍ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തിന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിക്കുകയായിരുന്നു. റഹീമിന്റെ മോചനത്തിനു വേണ്ടി മലയാളികള്‍ ഓണ്‍ലൈനായി 34 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്.
ദിയാധനം സമാഹരിച്ചതിനു പിന്നാലെ ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ പണം നല്‍കി മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരണപ്പെട്ട സൗദി ബാലന്റെ അന്തരാവകാശികളും കൊടുക്കാന്‍ തയ്യാറാണെന്ന് പ്രതിഭാഗവും ഒപ്പുവയ്ക്കുന്ന കരാര്‍ ഉണ്ടാക്കുകയാണ് ചെയ്തിരുന്നത്. കരാറില്‍ തുക ബാങ്ക് അക്കൗണ്ട് വഴിയോ സര്‍ട്ടിഫൈഡ് ചെക്കായോ എങ്ങനെ നല്‍കണമെന്ന് വിവരിക്കും. അതനുസരിസരിച്ച് ഇന്ത്യന്‍ എംബസി തുക നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഇതനുശേഷമാണ് കോടതി നടപടിക്രമങ്ങള്‍ തുടങ്ങുക. കരാര്‍ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ റഹീം സഹായ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തില്‍ റിയാദില്‍ സ്റ്റിയറിങ് കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നു. കേസിന്റെ പുരോഗതിയും നാട്ടില്‍ സമാഹരിച്ച തുക സൗദിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ചക്ക് അവസരം തേടാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സഹായ സമിതി ചെയര്‍മാന്‍ സി.പി. മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, മുനീബ് പാഴൂര്‍, സിദ്ധീഖ് തുവ്വൂര്‍, ഹര്‍ഷദ് ഹസ്സന്‍, മോഹി, ഷമീം, നവാസ് വെള്ളിമാടുകുന്ന്, സുധീര്‍ കുമ്മിള്‍ പങ്കെടുത്തു.