ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബപ്പേരിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റിലാണ് അയോഗ്യനാണെന്നു പ്രഖ്യാപിച്ചത്. 'സി.സി./ 18712/2019 ലെ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചതിന്റെ ഫലമായി, കേരളത്തിലെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമായ രാഹുല്‍ ഗാന്ധി, ശിക്ഷിക്കപ്പെട്ട ദിവസം മുതല്‍ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാണ്. അതായത് 2023 മാര്‍ച്ച് 23 ന് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 102(1)(ഇ) യുടെ വ്യവസ്ഥകള്‍ അനുസരിച്ച് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 8 പ്രകാരമാണ് നടപടിയെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് രാഹുല്‍ഗാന്ധി. 2019ല്‍ ചുമത്തിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് ഇന്നലെയാണ് ഗുജറാത്തിലെ സൂറത്ത് കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മ കണ്ടെത്തിയത്. തുടര്‍ന്ന് രാഹുലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 30 ദിവസത്തേക്ക് ജാമ്യം അനുവദിക്കുകയും വിധിക്കെതിരേ അപ്പീല്‍ പോവാന്‍ അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും ജനപ്രാതിനിധ്യ നിയമം പ്രകാരം അയോഗ്യനാക്കപ്പെടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലായിരുന്നു നടപടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. കോടതി കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും അന്തിമവാദം കേള്‍ക്കുകയും നാല് വര്‍ഷം പഴക്കമുള്ള അപകീര്‍ത്തിക്കേസില്‍ മാര്‍ച്ച് 23ന് വിധി പറയാനായി മാറ്റിവയ്ക്കുകയുമായിരുന്നു.
2019 ലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ, 'എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന് പൊതുനാമം ലഭിക്കുന്നത്' എന്ന് പറഞ്ഞ് മോദി സമൂഹത്തെ മുഴുവന്‍ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി പരാതി നല്‍കിയത്. ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരിന്റെ ആദ്യ കാലത്ത് പൂര്‍ണേഷ് മോദി മന്ത്രിയായിരുന്നു. രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കപ്പെടുമെന്ന് മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകരായിരുന്ന രാംജത്മലാനിയും കപില്‍ സിബലും വ്യക്തമാക്കിയിരുന്നു. ഇതിനിടെ, പ്രത്യേക സാഹചര്യം പരിശോധിക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ എഐസിസി ഓഫിസില്‍ എംപിമാരുടെ യോഗം ചേര്‍ന്നിരുന്നു. അതേസമയം, രാഹുല്‍ഗാന്ധിക്കെതിരേ നടക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാണെന്നാണ് കോണ്‍ഗ്രസ് നിലപാട്.