ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക്, സോണിയാ ഗാന്ധി വിളിച്ച നയരൂപീകരണ യോഗം ഇന്ന്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാൻ ലക്ഷ്യമാക്കി നീങ്ങുന്നു. അതേസമയം കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് പാർലമെന്റംഗങ്ങളുടെ നയരൂപീകരണ യോഗം ഇന്ന് നടക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജ്ജുൻ ഖാർഗെ തുടരാനുള്ള തീരുമാനം ഈ യോഗത്തിൽ സോണിയാ ഗാന്ധി അറിയിക്കും. പകരക്കാരനെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഇത്.
രാഹുൽഗാന്ധിയുടെ ഭാരത് ജേഡോ യാത്ര നാളെ വൈകിട്ടാണ് രാജസ്ഥാനിൽ പ്രവേശിക്കുന്നത്. 18 നിയമസഭാ മണ്ഡലത്തിലൂടെ 20 ദിവസമായാണ് യാത്ര കടന്നുപോവുക. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര തർക്കത്തിന് ഭാരത് ജോഡോ യാത്ര എത്താൻ ഇരിക്കെ നേതൃത്വം താൽക്കാലിക പരിഹാരം ഉണ്ടാക്കിയിരുന്നു. യാത്രയിലെ ശക്തി പ്രകടനത്തിനായി ഗെലോട് - പൈലറ്റ് വിഭാഗങ്ങൾ സംസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്. യാത്രയ്ക്കായി 15 കമ്മറ്റികളാണ് രാജസ്ഥാൻ പിസിസി ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം ബിജെപി ജൻ ആക്രോശ് യാത്ര എന്ന പേരിൽ 200 മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്രയും സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.