രാഹുലിന്റെ ഫോണും ചോര്‍ത്തി; ആരോപണം നിഷേധിച്ചതിനു പിന്നാലെ മന്ത്രിയും പട്ടികയില്‍

പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണും ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്.

Update: 2021-07-19 12:31 GMT

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം പുകയുന്നതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയതായി റിപോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ രണ്ടു ഫോണുകളാണ് ചോര്‍ത്തലിന് വിധേയമായതെന്ന് വാര്‍ത്താ പോര്‍ട്ടലായ ദി വയര്‍ വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിക്ക് പുറമേ അദ്ദേഹത്തിന്റെ അഞ്ചു സുഹൃത്തുക്കളുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിലൊന്ന് രാഹുല്‍ ഗാന്ധിയാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയത്. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളില്‍ ആര്‍ക്കും തന്നെ രാഷ്രീയ സാമൂഹിക ബന്ധങ്ങളുല്ലെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു എന്നാണ് ഇക്കാര്യത്തില്‍ രാഹുല്‍ ഗന്ധി പ്രതികരിച്ചത്.

കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണും ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രഹാളാദ് സിങ് പട്ടേലുമായി അടുത്ത് ബന്ധമുള്ള 18 പേരുടെ വിവരങ്ങളും ചോര്‍ത്തിയവരുടെ പട്ടികയിലുണ്ട്.

ഇവര്‍ക്ക് പുറമേ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷേറിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ എന്നിവരുടെ ഫോണും ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടേയും അവരുടെ അവളുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോണ്‍ നമ്പറുകളും ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മോദി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കള്‍, സുരക്ഷാ ഏജന്‍സികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികള്‍, 40 പത്രപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രയേലി ചാര സോഫ്‌റ്റേ്‌വെറായ പെഗാസസിന്റെ സാന്നിധ്യം ഈ നമ്പറുകളില്‍ ചിലതില്‍ കണ്ടതായാണ് വിദേശമാധ്യമങ്ങളായ 'വാഷിങ്ടണ്‍ പോസ്റ്റ്', 'ദ ഗാര്‍ഡിയന്‍' എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ 'ദ വയര്‍' വെബ് മാധ്യമവും റിപ്പോര്‍ട്ട് ചെയ്തത്.

പെഗാസസിന്റെ ഡേറ്റാ ബേസില്‍ ഈ നമ്പറുകളുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രിംകോടതിയിലെ ഒരു ജഡ്ജിയുടെ ഫോണ്‍നമ്പറും ഉണ്ടെന്നും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 50 രാജ്യങ്ങളിലായി ഒട്ടേറെ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അറബ് രാജകുടുംബാംഗങ്ങള്‍, ബിസിനസ് എക്‌സിക്യുട്ടീവുകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഡേറ്റാ ബേസിലുണ്ടെന്ന് പറയുന്നു.

Tags:    

Similar News