മതപരിവര്‍ത്തനം ആരോപിച്ച് പാസ്റ്ററെ ഹിന്ദുത്വര്‍ പോലിസ് സ്റ്റേഷനില്‍ തല്ലിച്ചതച്ചു (വീഡിയോ)
പാസ്റ്ററെ ചോദ്യം ചെയ്യാന്‍ വിളിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഒരുകൂട്ടം ഹിന്ദുത്വരാണ് പോലിസുകാരുടെ കണ്‍മുന്നിലിട്ട് പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചത്. ഏതാനും പ്രാദേശിക ഹിന്ദുത്വ സംഘടനാ നേതാക്കളും പോലിസ് സ്‌റ്റേഷനിലെത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് പോലിസുകാരെ തള്ളിമാറ്റി പാസ്റ്ററെ ഇവര്‍ ആക്രമിച്ചത്.
ഭോപാല്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യന്‍ പാസ്റ്ററെ റായ്പൂരിലെ പോലിസ് സ്റ്റേഷനുള്ളില്‍ ഹിന്ദുത്വസംഘം തല്ലിച്ചതച്ചു. റായ്പൂരിലെ പുരാനി ബസ്തി പോലിസ് സ്‌റ്റേഷനിലാണ് സംഭവം. ഭട്ഗാവ് മേഖലയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി പോലിസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാസ്റ്ററെ ചോദ്യം ചെയ്യാന്‍ വിളിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഒരുകൂട്ടം ഹിന്ദുത്വരാണ് പോലിസുകാരുടെ കണ്‍മുന്നിലിട്ട് പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചത്.
ഏതാനും പ്രാദേശിക ഹിന്ദുത്വ സംഘടനാ നേതാക്കളും പോലിസ് സ്‌റ്റേഷനിലെത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് പോലിസുകാരെ തള്ളിമാറ്റി പാസ്റ്ററെ ഇവര്‍ ആക്രമിച്ചത്. പ്രകോപിതരായ ഹിന്ദുത്വസംഘം മതംമാറ്റം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലിസ് സ്‌റ്റേഷന്‍ വളയുകയും ചെയ്തു. ഭട്ഗാവ് പ്രദേശത്തെ ചില ക്രിസ്ത്യന്‍ സമുദായ അംഗങ്ങള്‍ക്കൊപ്പമാണ് പാസ്റ്റര്‍ പോലിസ് സ്‌റ്റേഷനിലെത്തിയത്. ഇവരും അക്രമിസംഘവുമായി രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പാസ്റ്ററെ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളായത്.
ആക്രോശിച്ചെത്തിയ ഹിന്ദുത്വര്‍ പോലിസിനെ തള്ളിമാറ്റി പാസ്റ്ററെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോയില്‍ ചില അംഗങ്ങള്‍ പാസ്റ്ററെ ചെരിപ്പുപയോഗിച്ച് അടിക്കുന്നതായി കാണാം. 'ഞങ്ങള്‍ക്ക് നേരത്തെ പരാതികളൊന്നും ലഭിച്ചിരുന്നില്ല. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കിനിടയില്‍ പോലിസ് സ്‌റ്റേഷന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ഇപ്പോള്‍ മതപരിവര്‍ത്തനത്തിനെതിരായ പരാതി അന്വേഷിക്കുകയാണ്. ഇതിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നടപടിയെടുക്കും- അഡീഷനല്‍ പോലിസ് സൂപ്രണ്ട് (സിറ്റി) താരകേശ്വര്‍ പട്ടേല്‍ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.