സൈബര്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു
സിഡാക് സൈബര്‍ ഫോറന്‍സിക് ഗ്രൂപ്പിന്റെ പുതിയ രണ്ട് ഉത്പന്നങ്ങളാണ് ഇന്ന് മന്ത്രി ലോഞ്ച് ചെയ്തത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഡാക്കിലെ പുതിയ സൈബര്‍ ഫോറന്‍സിക് ലാബ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. സിഡാക് വികസിപ്പിച്ച രണ്ട് ഉല്‍പന്നങ്ങളുടെ ലോഞ്ചും മന്ത്രി നിര്‍വ്വഹിച്ചു. മന്ത്രിയായ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ സി ഡാക് സന്ദര്‍ശിക്കുന്നത്. യുവ സംരംഭകരുമായുള്ള കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റി ഐടി സഹമന്ത്രിയുടെ കൂടിക്കാഴ്ചയും ഇന്ന് നടക്കും. സിഡാക് സൈബര്‍ ഫോറന്‍സിക് ഗ്രൂപ്പിന്റെ പുതിയ രണ്ട് ഉത്പന്നങ്ങളാണ് ഇന്ന് മന്ത്രി ലോഞ്ച് ചെയ്തത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ അതിവേഗ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയുന്ന കിയോസ്‌ക് ആണ് അതില്‍ ഒന്ന്. എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പോലിസ് സ്‌റ്റേഷനിലുമെല്ലാം സ്ഥാപിക്കാവുന്ന അതി നൂതന ഫോറന്‍സിക് ടൂള്‍ ആണ് പുതിയ ഡിജിറ്റല്‍ ഫോറന്‍സിക് കിയോസ്‌ക്.
ഫോണോ ലാപ്‌ടോപ്പോ കണക്ട് ചെയ്ത് പെട്ടന്ന് പരിശോധന പൂര്‍ത്തിയാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിയോസ്‌ക് സഹായമാകുമെന്നാണ് അവകാശവാദം. ആവശ്യമെങ്കില്‍ ഉപകരണം കസ്റ്റഡിയിലെടുത്താല്‍ മതി. സംശയം തോന്നുന്ന ഡിവൈസുകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയക്കുന്നതിലുണ്ടാകുന്ന കാലതാമസം പുതിയ ഡിവൈസിലൂടെ ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. വെള്ളത്തിനടയില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന സബ്മറൈന്‍ ഡ്രോണാണ് രണ്ടാമത്തെ സി ഡാക്ക് ഉത്പന്നം. നാവിക സേനയ്ക്ക് അടക്കം മുതല്‍ കൂട്ടാകുന്ന ഡ്രോണ്‍ ഉപയോഗിച്ച് സമുദ്രത്തിലും നദികളിലും നിരീക്ഷണം നടത്താനാവും. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏക ഡിആര്‍ഡിഒ ലബോറട്ടറി ആയ കൊച്ചി നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രഫിക് ലബോറട്ടറി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചിരുന്നു.