ന്യൂഡല്‍ഹി: പ്രാദേശിക ഭാഷാ ഗാനങ്ങളിലൂടെ പ്രശസ്തനായ ഹരിയാനയില്‍ നിന്നുള്ള ഗായകന്‍ രാജു പഞ്ചാബി മരണപ്പെട്ടു. ചൊവ്വാഴ്ച ഹിസാറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 40 വയസ്സായിരുന്നു. 10 ദിവസം മുമ്പ് രാജുവിനെ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ചതിന്റെ ലക്ഷണങ്ങള്‍ കാരണം ഗായകനെ വീട്ടിലേക്ക് അയച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ദേശി ദേശി, ആച്ചാ ലഗേ സേ, തു ചീസ് ലജവാബ് തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെയാണ് രാജു പഞ്ചാബി അറിയപ്പെട്ടിരുന്നത്. അവസാന ഗാനമായ 'ആപ്‌സേ മില്‍ക്കെ യാരാ ഹംകോ അച്ചാ ലഗാ താ' ആഗസ്ത് 12നാണ് പുറത്തിറങ്ങിയത്. രാജു പഞ്ചാബി പഞ്ചാബിലും രാജസ്ഥാനിലും ജനപ്രിയ ഗായകനായിരുന്നു. നിര്യാണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അനുശോചിച്ചു. രാജു പഞ്ചാബിയുടെ മരണം ഹരിയാനയിലെ സംഗീത വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മൃതദേഹം ജന്മഗ്രാമമായ റാവത്സര്‍ ഖേഡയിലേക്ക് കൊണ്ടുപോവും. ഹിസാറിലെ ആസാദ് നഗറിലാണ് ഇപ്പോള്‍ താമസം. മരണവിവരം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അനുയായികളും ഹിസാറിലെത്തിയിട്ടുണ്ട്.