കേന്ദ്രത്തെ വിമര്‍ശിച്ച ലേഖനം 'ഹിന്ദുസ്ഥാന്‍ ടൈംസ്' വെട്ടി; ഇനി എഴുതില്ലെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

Update: 2020-04-19 11:10 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചെഴുതിയ ലേഖനം പ്രമുഖ ദേശീയ ദിനപത്രമായ 'ഹിന്ദുസ്ഥാന്‍ ടൈംസ്' സെന്‍സര്‍ ചെയ്തതില്‍ പ്രതിഷേധിച്ച് ഇനി ലേഖനമെഴുതി നല്‍കില്ലെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. 'പാസ്റ്റ് ആന്റ് പ്രസന്റ്' എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാരാന്ത്യത്തില്‍ രാമചന്ദ്ര ഗുഹ എഴുതുന്ന കോളത്തില്‍ വന്ന ലേഖനമാണ് സെന്‍സര്‍ ചെയ്തത്. മോദി സര്‍ക്കാരിന്റെ വിസ്ത പദ്ധതിയെ കുറിച്ചായിരുന്നു വിമര്‍ശനം. കൊവിഡ് പ്രതിസന്ധിക്കിടയില്‍ 20000 കോടിയുടെ പദ്ധതി നടപ്പാക്കുന്നതിനെയാണ് ലേഖനത്തില്‍ വിമര്‍ശിച്ചത്.

    എന്നാല്‍, പ്രസ്തുത ലേഖനം പ്രസിദ്ധീകരിക്കാന്‍ എഡിറ്റര്‍മാര്‍ക്ക് സമ്മതമായിരുന്നെന്നും എന്നാല്‍ മാനേജ്‌മെന്റിന്റെ താല്‍പര്യമനുസരിച്ച് ലേഖനം സെന്‍സര്‍ ചെയ്യാനും കോളം തുടരാനും ആവശ്യപ്പെട്ടെന്നുമാണ് രാമചന്ദ്ര ഗുഹ ട്വിറ്ററിലൂടെ അറിയിച്ചത്. ഇതോടെ, താന്‍ ഇവര്‍ക്കു വേണ്ടി ഇനി കോളം എഴുതുന്നത് നിര്‍ത്താന്‍ തീരുമാനിച്ചെന്നും പ്രസ്തുത ലേഖനം ഉടന്‍ മറ്റൊരിടത്ത് പ്രസിദ്ധീകരിക്കുമെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.


രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ പുനരുദ്ധീകരിക്കുന്ന പദ്ധതിയായ വിസ്തയ്ക്കു വേണ്ടി 20000 കോടി ചെലവഴിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പദ്ധതിക്കായി 5 പ്രധാന ചരിത്ര സ്മാരകങ്ങളൂുടെ ഭൂവിനയോഗ നിയമത്തില്‍ ഭേദഗതി ചെയ്യുന്ന വിജ്ഞാപനം മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, രാജ്യവും ലോകവും കൊവിഡ് 19 പ്രതിസന്ധിയില്‍പെട്ട് പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിനെയാണ് ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നത്.




Tags:    

Similar News