രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് മലയാളികള്‍ ചെയ്ത അബദ്ധമെന്ന് രാമചന്ദ്ര ഗുഹ
കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് മലയാളികള്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'പാട്രിയോട്ടിസം വെര്‍സസ് ജിംഗോയിസം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മുന്നില്‍ വളരെ മനോഹരമായ കാര്യങ്ങള്‍ കേരളം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേരളം ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണ് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത്. ഇന്ത്യയ്ക്കാവശ്യം നെഹ്‌റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല. രാഹുല്‍ ഗാന്ധി എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങള്‍ എളുപ്പമായി. സ്വതന്ത്ര്യസമരകാലത്തെ മഹത്തായ പ്രസ്ഥാനം എന്ന നിലയില്‍ നിന്നു കോണ്‍ഗ്രസ് ഒരു കുടുംബ സ്ഥാപനമായതാണ് ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയ്ക്കു കാരണം. രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായി തനിക്ക് വിദ്വേഷമൊന്നുമില്ല. അദ്ദേഹം ഒരു മാന്യനായ മനുഷ്യനാണ്. എന്നാല്‍ ഒരു കുടുംബ പരമ്പരയിലെ അഞ്ചാം തലമുറയെ അല്ല ഇന്ത്യന്‍ യുവത്വത്തിന് ഇപ്പോള്‍ ആവശ്യം. 2024 ല്‍ വീണ്ടും രാഹുലിനെ മലയാളികള്‍ തിരഞ്ഞെടുത്താല്‍ വീണ്ടും മോദിക്ക് നല്‍കുന്ന മുന്‍തൂക്കമായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
മോദിക്ക് രാഹുലിനേക്കാള്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. മോദി സ്വയം ഉണ്ടായ നേതാവാണ്. ഒരു സംസ്ഥാനം 15 കൊല്ലം ഭരിച്ച ഭരണ പരിചയമുണ്ട്. അദ്ദേഹം യൂറോപ്പിലേക്ക് അവധിക്കാലം ചെലവഴിക്കാന്‍ പോവുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി മോദിയെക്കാള്‍ ഇന്റലിജന്റും അദ്ധ്വാനശീലനും അവധി എടുക്കാത്തയാളാണെങ്കിലും അയാള്‍ ഒരു കുടുംബത്തിന്റെ അഞ്ചാം തലമുറയില്‍പ്പെട്ട വ്യക്തിയാണ്. സ്വയം വളര്‍ന്ന ഒരു നേതാവിനെതിരേ ഇത് വലിയ പോരായ്മ തന്നെയാണ്. ഇന്ത്യ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ഫ്യൂഡല്‍ ആവുകയല്ല ചെയ്തത്. എന്നാല്‍ ഗാന്ധി കുടുംബം ഇത് മനസ്സിലാക്കുന്നില്ല. സോണിയാഗാന്ധി ഡല്‍ഹിയില്‍ ആയിരിക്കുമ്പോള്‍ അവരുടെ സാമ്രാജ്യം ചുരുങ്ങിച്ചുരുങ്ങി വരികയാണ്. എന്നാല്‍ അവരുടെ അടുപ്പക്കാര്‍ നിങ്ങള്‍ ചക്രവര്‍ത്തിയാണെന്നാണ് ഇപ്പോഴും അവരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷം ഇന്ത്യയെക്കാള്‍ മറ്റ് രാജ്യങ്ങളെയാണ് സ്‌നേഹിക്കുന്നത്. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന ആക്രമോല്‍സുക ദേശീയതയും അയല്‍രാജ്യങ്ങളില്‍ വളരുന്ന ഇസ് ലാമിക മതമൗലികവാദവും ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയ്ക്കു കാരണമാവുന്നുണ്ടെന്നും അദ്ദേഹം.
നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ രാമചന്ദ്ര ഗുഹ രംഗത്തെത്തിയിരുന്നു. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ ഗുഹയെ പോലിസ് അറസ്റ്റ് ചെയ്ത് മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.