രാംദേവ് യോഗിയല്ല, യോഗ ഗുരു മാത്രമെന്ന് ബിജെപി ബിഹാര്‍ പ്രസിഡന്റ്

Update: 2021-05-27 04:38 GMT

പട്‌ന: അലോപ്പതി വൈദ്യശാസ്ത്ര സമ്പ്രദായത്തിനെതിരേ അപകീര്‍ത്തി പരാമര്‍ശത്തിലൂടെ വിവാദത്തിലായ യോഗ ഗുരു ബാബാ രാംദേവിനെ തള്ളി ബിജെപി ബിഹാര്‍ ഘടകം പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാള്‍. 'രാംദേവ് ഒരു യോഗ ഗുരുവാണ്. അദ്ദേഹത്തിനു യോഗയെ കുറിച്ചുള്ള പാണ്ഡിത്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍, അദ്ദേഹം തീര്‍ച്ചയായും ഒരു യോഗിയല്ല. തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും കര്‍ശനമായി നിയന്ത്രിക്കുന്ന ഒരാളാണ് യോഗി'യെന്നും ജയ്‌സ്വാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പാഷ്ചിം ചമ്പാരനില്‍ നിന്നു രണ്ടു തവണ എംപിയായ ജയ്‌സ്വാള്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ യോഗ്യതയുള്ളയാളുമാണ്.

    'യോഗയ്ക്കായി അദ്ദേഹം ചെയ്തത് കൊക്കോകോല പാനീയങ്ങള്‍ക്കായി ചെയ്തതുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഇന്ത്യക്കാര്‍ കാലങ്ങളായി ഷിക്കഞ്ചി, തണ്ടായ് എന്നിവ കഴിക്കുന്നവരാണ്, പക്ഷേ ശീതളപാനീയ ഭീമന്റെ വരവിനുശേഷം എല്ലാ വീടുകളിലും പെപ്‌സിയുടെയും കോക്കിന്റെയും കുപ്പികള്‍ സംഭരിച്ചതായാണ് തോന്നുന്നതെന്നും ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു. എന്നാലും, യോഗ ഗുരുവുമായി പ്രശ്‌നത്തില്‍ ഏര്‍പ്പെടരുതെന്ന് അദ്ദേഹം ഐഎംഎയോട് അഭ്യര്‍ഥിച്ചു, 'നിസ്സാര കാര്യങ്ങള്‍ക്ക് നമ്മുടെ ഊര്‍ജ്ജം പാഴാക്കരുത്. ഞങ്ങളുടെ മാന്യമായ തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കൊവിഡ് 19 മഹാമാരിക്കിടയില്‍ അവരുടെ ഉത്തരവാദിത്ത നിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട എണ്ണമറ്റ സഹപ്രവര്‍ത്തകര്‍ക്ക് ഇത് ഉചിതമായ സേവനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ ചികിത്സിക്കുന്നതില്‍ അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത ഒരു വീഡിയോ ക്ലിപ്പിനെച്ചൊല്ലി രാംദേവിനെതിരേ ഐഎംഎ രംഗത്തെത്തുകയും മാനനഷ്ടക്കേസിനു നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

Ramdev Yoga Guru, Not A Yogi, Says Bihar BJP President


Tags:    

Similar News