പുതിയ ക്രെഡിറ്റ് കാര്‍ഡുകളും ഇ-ബാങ്കിങും നിര്‍ത്തിവയ്ക്കണം; എച്ച്ഡിഎഫ്‌സിക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം
ന്യൂഡല്‍ഹി: പുതിയ ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ബാങ്കിങ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ലോഞ്ചിങും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിനു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയോട് വ്യാഴാഴ്ച തങ്ങളുടെ ഡിജിറ്റല്‍ ഇടപാടുകളുടെ എല്ലാ ലോഞ്ചിങുകളും താല്‍ക്കാലികമായി നിര്‍ത്താന്‍ ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതരും അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കിന്റെ ഇ-ബാങ്കിങ്/മൊബൈല്‍ ബാങ്കിങ്/പേയ്‌മെന്റ് യൂട്ടിലിറ്റികളില്‍ ചില തകരാറുകള്‍ കണ്ടെത്തിയതായി എച്ച്ബിഎഫ്‌സി ബാങ്ക് ലിമിറ്റഡിന് 2020 ഡിസംബര്‍ 2 ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. പ്രാഥമിക ഡാറ്റാ സെന്ററിലെ വൈദ്യുതി തകരാറിനെത്തുടര്‍ന്ന് 2020 നവംബര്‍ 21ന് ഇന്റര്‍നെറ്റ് ബാങ്കിങിലും പേയ്മെന്റ് സംവിധാനത്തിലും അപാകതകള്‍ കണ്ടെത്തിയതായും പറയുന്നുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക് ഡിജിറ്റല്‍ 2.0-ന്റെ പ്രോഗ്രാം പ്രകാരം ആസൂത്രണം ചെയ്ത ഡിജിറ്റല്‍ ബിസിനസ്-ജനറേറ്റിങ് പ്രവര്‍ത്തനങ്ങളുടെ എല്ലാ ലോഞ്ചുകളും താല്‍ക്കാലികമായി നിര്‍ത്താനാണ് ബാങ്ക് അധികൃതരെ അറിയിച്ചിട്ടുള്ളത്. കൂടാതെ മറ്റ് നിര്‍ദ്ദിഷ്ട ബിസിനസ് ഐടി ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുന്നതും പുതിയ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതും തടഞ്ഞിട്ടുണ്ട്. അപാകത പരിശോധിക്കാനും പരിഹരിക്കാനും നിര്‍ദേശിച്ചതായി എച്ച്ഡിഎഫ്‌സി ബാങ്ക് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഐടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബാക്കി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. നടപടികള്‍ നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് യാതൊരു പ്രശ്‌നവുമുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഉപയോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു. നടപടി ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസിനെ ബാധിക്കില്ലെന്നു വിശ്വസിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
RBI Asks HDFC Bank To Stop Digital Launches, New Credit Cards