കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വ്യവസായി ലളിത് ഗോയല്‍ അറസ്റ്റില്‍

2010 മുതല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട് (ഫെമ) ലംഘിച്ചതിന്റെ പേരില്‍ കമ്പനിക്കെതിരേ ഇഡി അന്വേഷണം നടക്കുന്നുണ്ടെങ്കിലും, ചണ്ഡീഗഢിലെ ഇഡി ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Update: 2021-11-16 09:45 GMT

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഐആര്‍ഇഒ ഗ്രൂപ്പ് വൈസ് ചെയര്‍മാനും എംഡിയുമായ ലളിത് ഗോയല്‍ അറസ്റ്റില്‍. നാല് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോയലിന്റൈ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തിയത്. 2010 മുതല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട് (ഫെമ) ലംഘിച്ചതിന്റെ പേരില്‍ കമ്പനിക്കെതിരേ ഇഡി അന്വേഷണം നടക്കുന്നുണ്ടെങ്കിലും, ചണ്ഡീഗഢിലെ ഇഡി ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വിദേശത്തേക്ക് പോകാന്‍ ശ്രമിക്കവേ ഡല്‍ഹി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഗോയലിനെ തടഞ്ഞ് വെച്ചിരുന്നു. ഇദ്ദേഹത്തിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നടപടി.

ഇതിന് ശേഷം എല്ലാ ദിവസവും ഗോയല്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ടെങ്കിലും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നുവെന്നും അതിനാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടി വന്നുവെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു. ചണ്ഡീഗഢിലേക്ക് കൊണ്ട് പോകുന്ന ഗോയലിനെ അതിന് ശേഷം കോടതിയില്‍ ഹാജരാക്കും.

ഐആര്‍ഇഒയുടെ കീഴിലുള്ള ഐആര്‍ഇഒ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 2018-2019 വര്‍ഷം മുതല്‍ 50 കോടി രൂപയുടെ നഷ്ടത്തിലാണ്. കമ്പനിക്കെതിരേ നിയമനടപടിക്കായി നിക്ഷേപകര്‍ അധികാര കേന്ദ്രങ്ങളെ സമീപിച്ചിരുന്നെങ്കിലും അതിനു മുന്‍പ് തന്നെ കമ്പനിയുടെ ആസ്തി മറ്റ് ട്രസ്റ്റുകളിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഇന്ത്യന്‍ എക്‌സപ്രെസിന്റെ പണ്ടോറ പേപ്പര്‍ വെളിപ്പെടുത്തല്‍ പ്രകാരം കമ്പനി കുരുക്കിലാകുന്നതിന് മുന്‍പ് തന്നെ, ബിജെപി നേതാവായ സുധാന്‍ഷു മിത്തലിന്റെ അടുത്ത ബന്ധു കൂടിയായ ഗോയല്‍ 77 മില്യണ്‍ ഡോളര്‍ ആസ്തി വരുന്ന ഓഹരികളും നിക്ഷേപങ്ങളും ബ്രിട്ടണിലെ വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ ലളിത് ഗോയല്‍ നടത്തിയ നിക്ഷേപങ്ങളെല്ലാം നിയമാനുസൃതമാണെന്നും നിക്ഷേപകരില്‍ നിന്നും അദ്ദേഹം ഒന്നും തട്ടിയെടുത്തില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നത്.

Tags:    

Similar News