ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹം; 21 അംഗ സംഘം രാമേശ്വരത്ത്

ആദ്യം എത്തിയ സംഘം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത് എത്തിയവരെ കണ്ടെത്തിയത്.

Update: 2022-04-10 12:09 GMT

രാമേശ്വരം: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഇന്ത്യയിലേക്ക് വീണ്ടും അഭയാര്‍ഥി പ്രവാഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 21 അംഗ സംഘമാണ് എത്തിച്ചേര്‍ന്നത്. ഇന്നലെ രാത്രി രണ്ട് സംഘങ്ങളായെത്തിയ ഇവരെ തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത് മണ്ഡപം പോലിസ് സ്റ്റേഷനിലേക്ക് മാറ്റി.

ആദ്യം എത്തിയ സംഘം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത് എത്തിയവരെ കണ്ടെത്തിയത്. ശ്രീലങ്ക ജാഫ്‌ന സ്വദേശികളായ ഇവര്‍ തലൈമാന്നാറില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടന്നത്. ഒമ്പതു വിദ്യാര്‍ത്ഥികളെയാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ 12 പേരെ ധനുഷ്‌കോടിയിലെ മണല്‍തിട്ടയില്‍ നിന്ന് കണ്ടെത്തി.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം 41 അഭയാര്‍ത്ഥികള്‍ ഇതുവരെ ഇന്ത്യന്‍ തീരത്ത് എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ അഭയാര്‍ഥികള്‍ എത്താനുള്ള സാധ്യതയെ തുടര്‍ന്ന് അഭയാര്‍ഥി ക്യാംപുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മൂന്നു ദിവസം മുമ്പ് നാലംഗ കുടുംബം രാമേശ്വരത്ത് എത്തിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് 16 പേരും എത്തിയിരുന്നു. ഇവരെയെല്ലാം മണ്ഡപം ക്യാംപിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇന്ന് കണ്ടെത്തിയവരേയും നടപടിക്രമങ്ങള്‍ക്ക് ശേഷം മണ്ഡപം ക്യാംപിലേക്ക് മാറ്റും.

Similar News