സഹോദരി 5.08 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടി; പരാതിയുമായി പ്രധാനമന്ത്രി പ്രശംസിച്ച പരിസ്ഥിതി സ്‌നേഹി രാജപ്പന്‍

സഹോദരി ചെത്തുവേലി സ്വദേശി വിലാസിനിക്കെതിരെ ജില്ലാ പോലിസ് മേധാവിക്കാണ് പരാതി നല്‍കിയത്.

Update: 2021-06-18 03:51 GMT

കോട്ടയം: തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതിന് സഹോദരിക്കെതിരേ പരാതി നല്‍കി പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് അര്‍ഹനായ എന്‍ എസ് രാജപ്പന്‍. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സഹോദരിയും കുടുംബവും തട്ടിയെടുത്തു എന്നാണ് രാജപ്പന്റെ പരാതി. സഹോദരി ചെത്തുവേലി സ്വദേശി വിലാസിനിക്കെതിരെ ജില്ലാ പോലിസ് മേധാവിക്കാണ് പരാതി നല്‍കിയത്.വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് 5.08 ലക്ഷം രൂപയാണ് വിലാസിനി പിന്‍വലിച്ചത്. തനിക്ക് സമ്മാനമായി ലഭിച്ച 2 വള്ളങ്ങളും വിലാസിനി കൈവശം വച്ചിരിക്കുകയാണെന്നും രാജപ്പന്റെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്. ബുധനാഴ്ച ബാങ്കില്‍ നിന്നു സ്‌റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം പിന്‍വലിച്ചതായി അറിഞ്ഞതെന്ന് രാജപ്പന്‍ വ്യക്തമാക്കി.

എന്നാല്‍ രാജപ്പന് വീടു വയ്ക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങാനാണ് ബാങ്കില്‍ നിന്നു പണമെടുത്തതെന്നു വിലാസിനി പറഞ്ഞു. ലോക്ഡൗണ്‍ കാരണം സ്ഥലം ആധാരം ചെയ്തു വാങ്ങാന്‍ കഴിഞ്ഞില്ല. സ്ഥലം വാങ്ങി രാജപ്പനു വീടു വച്ചു നല്‍കുമെന്നും വിലാസിനി പറഞ്ഞു. സ്വന്തമായി വീടില്ലാത്ത രാജപ്പന്‍ സഹോദരന്‍ പാപ്പച്ചിക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. നേരത്തേ വിലാസിനിക്കൊപ്പമായിരുന്നു താമസം. മഞ്ചാടിക്കരിയില്‍ അടുത്തടുത്താണ് രാജപ്പനും വിലാസിനിയും താമസിക്കുന്നത്.

കാലുകള്‍ തളര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. ഇത് വാര്‍ത്തയായതോടെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ അഭിനന്ദിച്ചത്.

പരാതി ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കോട്ടയം എസ്പി ഡി ശില്‍പ അറിയിച്ചു.

Tags:    

Similar News