ഗുജറാത്തിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഎപി
അഹമ്മദാബാദ്: ഗുജറാത്തിലെ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ഉടന്‍തന്നെ നീക്കം ചെയ്യുകയോ മറയ്ക്കുകയോ ചെയ്യാനുള്ള നിര്‍ദേശം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
ബിജെപിയുടെ സ്റ്റാര്‍ പ്രചാരകനായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എഎപിയുടെ ഗുജറാത്ത് ലീഗല്‍ സെല്‍ സെക്രട്ടറി പുനീത് ജുനെജ പറഞ്ഞു.
സര്‍ക്കാര്‍ ഓഫിസുകളില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ താരപ്രചാരകന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയേക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ എഎപി അവകാശപ്പെട്ടു. സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കേണ്ടതിന്റെ താല്‍പ്പര്യം കണക്കിലെടുത്ത്, സംസ്ഥാനത്തുടനീളമുള്ള എല്ലാ ഓഫിസുകളില്‍ നിന്നും പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനോ ശരിയായി മറയ്ക്കാനോ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും എഎപി ആവശ്യപ്പെടുന്നു.
ആളുകള്‍ പതിവായി വരുന്ന സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഓഫിസുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പ്രാധാന്യത്തോടെയാണ് സ്ഥാപിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്ന്, അഞ്ച് തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായി ആകെ 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. ഭരണകക്ഷിയായ ബിജെപിയ്‌ക്കെതിരേ എഎപി 178 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.