പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Update: 2021-12-12 01:32 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ ബിറ്റ് കോയിന്‍ ഇന്ത്യ നിയമവിധേയമാക്കിയെന്ന് ട്വീറ്റ് ചെയ്തു. ഇന്ത്യ ഔദ്യോഗികമായി ബിറ്റ്‌കോയിന്‍ നിയമപരമായ ടെന്‍ഡറായി സ്വീകരിച്ചു. സര്‍ക്കാര്‍ ഔദ്യോഗികമായി 500 ബിറ്റ്‌കോയിന്‍ വാങ്ങി. രാജ്യത്തെ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു- എന്നായിരുന്നു ട്വീറ്റ്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം ട്വിറ്ററിനെ അറിയിച്ചു. തുടര്‍ന്ന് ട്വിറ്റര്‍ പ്രശ്‌നം പരിഹരിക്കുകയും അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തു. ക്രിപ്‌റ്റോകറന്‍സിയെ പ്രോല്‍സാഹിപ്പിക്കുന്ന ഈ ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. ഒരു മണിക്കൂര്‍ നേരത്തെയ്ക്കാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. 'പ്രധാനമന്ത്രിയുടെ @narendramodi എന്ന ട്വിറ്റര്‍ അക്കൗണ്ട് വളരെ ചുരുങ്ങിയ സമയത്തേക്ക് ഹാക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ട് സുരക്ഷിതമാണ്. ഈ സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കണം- പ്രധാനമന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസും അന്വേഷണം നടത്തും.

Tags:    

Similar News