ന്യൂഡല്‍ഹി: പാകിസ്താന്‍ സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. നിയമപരമായ ആവശ്യത്തിന് മറുപടിയായി അക്കൗണ്ട് തടഞ്ഞുവച്ചതായാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ കാണിക്കുന്നത്. എന്നാല്‍, പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിനെതിരായ നീക്കത്തിന് പ്രേരണയായത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ പാക് സര്‍ക്കാരിന്റെ '@GovtofPakistan' എന്ന ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. മൂന്നുമാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.
The Twitter account of the Government of Pakistan withheld in India pic.twitter.com/60Uzpoujwz
— ANI (@ANI) October 1, 2022
കഴിഞ്ഞ ജൂലൈയില്‍ പാക് സര്‍ക്കാരിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും സജീവമാക്കിയിരുന്നു. ട്വിറ്ററിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം, പൊതുക്രമം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് പാകിസ്താന്‍ ആസ്ഥാനമായുള്ള ആറ് ചാനലുകള്‍ ഉള്‍പ്പെടെ 16 യൂ ട്യൂബ് വാര്‍ത്താ ചാനലുകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം മുമ്പ് തടഞ്ഞിരുന്നു.