അലിഗഢ് സര്‍വകലാശാല മോണോഗ്രാമില്‍നിന്ന് ഖുര്‍ആന്‍ സൂക്തം ഒഴിവാക്കി; കാരണമിതാണ്
മോണോഗ്രാമില്‍ നിന്ന് ഖുര്‍ആന്‍ സൂക്തം നീക്കം ചെയ്തത് സര്‍വകലാശാലയിലും മുസ്‌ലിം സമുദായത്തിനിടയിലും കടുത്ത രോഷത്തിന് കാരണമായിട്ടുണ്ട്.
അലിഗഡ്: അലിഗഢ് മുസ്‌ലിം സര്‍വകലാശാല (എഎംയു)യുടെ മോണോഗ്രാമില്‍ നിന്ന് ഖുര്‍ആന്‍ സൂക്തം ഒഴിവാക്കി. എന്നാല്‍, ഇത് രാഷ്ട്രീയ തീരുമാനമല്ലെന്നും ഖുര്‍ആന്‍ സൂക്തങ്ങളോടുള്ള അനാദരവ് ഒഴിവാക്കാനാണെന്നും എഎംയു മാനേജ്‌മെന്റ് വ്യക്തമാക്കി.
അതേസമയം, എഎംയു ബിരുദ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളിലും മറ്റു രേഖകളിലും ഖുര്‍ആന്‍ സൂക്തത്തോടുകൂടിയ മോണോഗ്രാം തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മോണോഗ്രാമില്‍ നിന്ന് ഖുര്‍ആന്‍ സൂക്തം നീക്കം ചെയ്തത് സര്‍വകലാശാലയിലും മുസ്‌ലിം സമുദായത്തിനിടയിലും കടുത്ത രോഷത്തിന് കാരണമായിട്ടുണ്ട്. എഎംയുവിന്റെ തീരുമാനം അധികാര കേന്ദ്രങ്ങളെ പ്രീണിപ്പിക്കാനാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഇതു സംബന്ധിച്ച തീരുമാനം 2005ലെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍
2005 ഒക്ടോബര്‍ 4ലെ പ്രമേയത്തിലൂടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ (ഇസി) എടുത്ത പഴയ തീരുമാനമാണിതെന്ന് വിവാദത്തിന് വിരാമമിട്ട് എഎംയു പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ,
2005 ജനുവരി 1ന് 15ാം നമ്പര്‍ പ്രമേയത്തിലൂടെ 'യോഗങ്ങളുടെ നോട്ടിസ്, ക്ഷണ കാര്‍ഡുകള്‍, ലഘുലേഖകള്‍, പരീക്ഷ, ടെസ്റ്റ് ഉത്തര പുസ്തകങ്ങള്‍, കലണ്ടറുകള്‍, ഫയല്‍ കവറുകള്‍, പ്രോജക്റ്റ്, ലാബ് റിപ്പോര്‍ട്ടുകള്‍, പരീക്ഷ, അഡ്മിഷന്‍ ഫോമുകള്‍, ലെറ്റര്‍ഹെഡുകള്‍ എന്നിവയില്‍, ഈ രേഖകളുടെ ക്ഷണികമായ സ്വഭാവം കാരണം മതപരമായ വാക്യത്തിന്റെ അനാദരവ് ഒഴിവാക്കാന്‍ ഖുര്‍ആന്‍ ആയത്തോടുകൂടിയ മോണോഗ്രാം ഉപയോഗിക്കരുതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, അത്തരം സന്ദര്‍ഭങ്ങളില്‍ വൃത്തത്തിലെ ഖുര്‍ആന്‍ സൂക്തത്തിന്റെ സ്ഥാനത്ത് അഞ്ച് നക്ഷത്രങ്ങളുള്ള ഒരു മോണോഗ്രാം ഉപയോഗിക്കാം.
ഖുര്‍ആന്‍ സൂക്തമടങ്ങിയ മോണോഗ്രാം താഴെപറയുന്നവയില്‍ തുടരും
'എഎംയു ബിരുദ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍, അവസാന വര്‍ഷ മാര്‍ക്ക് ഷീറ്റുകള്‍, ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, ഷെര്‍വാണി (പരമ്പരാഗത മുട്ടോളം നീളമുള്ള കോട്ട്), ബാഡ്ജുകള്‍, എഎംയു പതാക, കെട്ടിടങ്ങള്‍, സൈന്‍ബോര്‍ഡുകള്‍, പുസ്തകങ്ങള്‍, മോണോഗ്രാഫുകള്‍, ഡയറി, പിജി പ്രബന്ധങ്ങള്‍, പിഎച്ച്ഡി തീസിസ് എന്നിവയില്‍ ഖുറാന്‍ സൂക്തങ്ങളുള്ള മോണോഗ്രാം കൊത്തിവയ്ക്കുന്നത് തുടരുമെന്നും എഎംയു രജിസ്ട്രാര്‍ അബ്ദുള്‍ ഹമീദ് (ഐപിഎസ്) പറഞ്ഞു.
ബന്ധപ്പെട്ട എല്ലാവരും തീരുമാനം കര്‍ശനമായി പാലിക്കണമെന്ന് രജിസ്ട്രാര്‍ പുറപ്പെടുവിച്ച അറിയിപ്പിലുണ്ട്.